
വക്കം: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് കീഴാറ്റിങ്ങൽ തിനവിളയിൽ നിർമ്മിച്ച സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങിയിട്ട് വർഷങ്ങളായി. 2018-19 കാലയളവിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ ചെലവാക്കി ഗ്രന്ഥശാലയും വായനശാലയും മീറ്റിംഗ് ഹാളുമുൾപ്പെടെ രണ്ടു നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പ്രവർത്തിച്ച ശേഷം പ്രവർത്തനം നിലച്ച കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ മുടക്കി ഉത്സവച്ഛായയിൽ 2018 ലാണ് സാംസ്കാരിക നിലയം പ്രവർത്തനമാരംഭിച്ചത്. വിപുലമായ പുസ്തക ശേഖരണവും പത്ര, മാസിക പ്രസിദ്ധീകരണങ്ങളുമുൾപ്പെടെ പ്രവർത്തനമാരംഭിച്ച സംസ്കാരകനിലയം പ്രവർത്തനമാരംഭി ച്ച് മാസങ്ങൾക്കകം നിലച്ചു. തുടർന്ന് കെട്ടിടത്തിന്റെ പരിചരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവതാളത്തിലായതോടെ സാംസ്കാരികനിലയം അടച്ചുപൂട്ടി. കുറച്ചുനാളുകൾക്കു ശേഷം പ്രദേശത്തെ യുവാക്കൾ ക്ലബ്ബായി കെട്ടിടത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധശല്യം രൂക്ഷമായതോടെ ക്ലബിന്റെ പ്രവർത്തനങ്ങളും അവതാളത്തിലായി.
പ്രതിസന്ധിയിൽ
റീഡിംഗ് റൂമിനാവശ്യമായ ഫർണിച്ചറില്ല. കറണ്ട് ചാർജ്ജ് അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചു. ചുറ്റുമതിലില്ലാത്ത കെട്ടിടത്തിൽ ഇരുട്ടായതോടെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. മാസങ്ങൾക്കു മുൻപ് സാമൂഹികവിരുദ്ധർ സാംസ്കാരിക നിലയത്തിന്റെ വാതിൽ അടിച്ചുതകർത്തിരുന്നു. നാളിതുവരെയായിട്ടും വാതിൽ നന്നാക്കി കെട്ടിടം അടച്ചുറപ്പുള്ളതാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധിതവണ അധികൃതരോട് പരാതി നൽകിയെങ്കിലും സാംസ്കാരിക നിലയം പുനരാരംഭിക്കുന്നതിനുള്ള യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
ശരിയായ രീതിയിൽ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ തിനവിള, സ്റ്റാലിൻമുക്ക്, കൊല്ലമ്പുഴ, കീഴാറ്റിങ്ങൽ പ്രദേശത്തെ ഒട്ടനവധി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും സാംസ്കാരിക നിലയം ഏറെ ഉപകാരപ്രദമായേനെ.