shaji-n-karun

മലയാള സിനിമയെ ലോക വേദിയിലേക്കുയർത്തിയ ഷാജി എൻ. കരുണിനെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേൽ അവാർഡിനായി തിരഞ്ഞെടുത്തത് ആഹ്‌ളാദകരായ കാര്യമാണ്.

ഛായാഗ്രാഹകനായി തുടങ്ങി,​ വിശ്വപ്രസിദ്ധനായ സംവിധായകനായി വളർന്ന ഷാജിയുടെ ചലച്ചിത്ര സപര്യ അരനൂറ്റാണ്ടിലെത്തിയ വേളയിലാണ് നാടിന്റെ ഈ അംഗീകാരം എത്തുന്നത്. പ്രശസ്ത സംവിധായകൻ ജി. അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗാത്‌മകമായ ഊർജ്ജം പകർന്ന ഷാജി സംവിധാനം ചെയ്ത ചിത്രങ്ങൾ അന്തർദേശീയ തലത്തിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടിക്കൊടുത്തതായി ജൂറി വിലയിരുത്തുകയുണ്ടായി.

ഛായാഗ്രാഹകൻ എന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ മേൽവിലാസം നേടിയെടുത്തിട്ടാണ് ഷാജി സംവിധാനത്തിലേക്കു ചുവടു മാറ്റിയത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ തുടങ്ങി മികച്ച സിനിമകളുടെയെല്ലാം ക്യാമറ ചലിപ്പിച്ചത് ഷാജിയായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ,​ സംസ്ഥാന അവാർഡുകളും അതിലൂടെ വാരിക്കൂട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ ശേഷം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ചേർന്ന ഷാജി,​ കെ.പി. കുമാരന്റെ 'വിഷ്‌ണുവിജയം" എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രാഹകനായി തുടക്കമിട്ടത്. തുടർന്നാണ് അരവിന്ദന്റെ ഛായാഗ്രാഹകനായത്. സത്യജിത് റേയ്‌ക്കു സുബ്രതോമിത്ര എന്ന പോലെ അരവിന്ദൻ - ഷാജി കൂട്ടുകെട്ട് മികച്ച കലാസൃഷ്ടികൾക്ക് വഴിയൊരുക്കി.

1988-ൽ 'പിറവി" എന്ന സിനിമയിലൂടെയായിരുന്നു സംവിധായകനായുള്ള ഷാജിയുടെ അരങ്ങേറ്റം. ഏതു കാലത്തും പ്രസക്‌തമായ പ്രമേയത്താൽ ആ ചിത്രം ഷാജിയെ ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നാക്കി മാറ്റി. ചാർളി ചാപ്ളിൻ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള അന്തർദ്ദേശീയ അവാർഡ് അടക്കം ലോകാംഗീകാരങ്ങൾ 'പിറവി" വാരിക്കൂട്ടി. ഒരു യുവാവിന്റെ തിരോധാനവും ഒരച്ഛന്റെ ഹതാശമായ കാത്തിരിപ്പും ഉള്ളുലയ്‌ക്കും വിധം ആവിഷ്‌കരിക്കപ്പെട്ട ചിത്രം സുശക്‌തമായ രാഷ്ട്രീയ സന്ദേശവും മുന്നോട്ടുവച്ചു. 'പിറവി" കാൻ ചലച്ചിത്രോത്സവത്തിൽ ഔദ്യോഗിക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുവന്ന 'സ്വം" ആകട്ടെ കാനിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു . 1994-ലായിരുന്നു ഇത്. വീണ്ടുമൊരു ഇന്ത്യൻ ചിത്രം മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഈ വർഷം പായൽ കപാഡിയയുടെ 'ആൾ വി ഇമാജിൻ ആസ് ലൈറ്റ്" ആയിരുന്നു.. 'പിറവി"ക്കും 'സ്വമ്മി"നും പിന്നാലെ 'വാനപ്രസ്ഥ"വും കാനിൽ എത്തി. ഒരു സംവിധായകന്റെ മൂന്നു ചിത്രങ്ങൾ തുടർച്ചയായി കാനിൽ ഔദ്യോഗിക വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ നേട്ടത്തിനും ഷാജി അർഹനായി.

കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റു സിനിമകൾ. എ.കെ.ജി,​ അരവിന്ദൻ എന്നിവരെക്കുറിച്ചടക്കം അനവധി ഡോക്യുമെന്ററികളും ചെയ്തു. ഇന്ത്യയിൽ ആദ്യമായി സിനിമയ്ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിക്ക് സർക്കാർ രൂപം നൽകിയപ്പോൾ അതിന്റെ അമരക്കാരനായി എത്തിയത് ഷാജിയായിരുന്നു. കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന് ദിശാബോധം പകരുന്നതിൽ സുപ്രധാന പങ്കു വഹിച്ചു., ഇപ്പോൾ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനാണ്.

രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഷാജിയെ കലാ സാംസ്ക്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള 'ദ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്" അന്താരാഷ്ട്ര അംഗീകാരം നൽകി ഫ്രഞ്ച് സർക്കാർ ആദരിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം 'കേരളകൗമുദി" കുടുംബത്തിലെ ഒരംഗത്തിനു ലഭിച്ച അംഗീകാരമായിട്ടാണ് ഈ അവാർഡിനെ കാണുന്നത്. ഉറ്റ മിത്രമായ ഷാജിയെ അകമഴിഞ്ഞ് അഭിനന്ദിക്കാനും അദ്ദേഹത്തിന്റെ ഭാവി കലാസപര്യകൾക്ക് എല്ലാ ഭാവുകങ്ങളും നേരാനും ഈ അവസരം വിനിയോഗിക്കുന്നു.