hi

വെഞ്ഞാറമൂട്: മൺചിരാതുകൾ മെഴുകുതിരിക്കും മൺപാത്രങ്ങൾ പ്ലാസ്റ്റിക്ക് പാത്രങ്ങൾക്കുമായി വഴി മാറുന്നു. ഒരുകാലത്ത് തൃക്കാർത്തിക ആയാൽ ഗ്രാമങ്ങളിലെ വഴിയോരങ്ങളിലും അമ്പലപ്പറമ്പുകളിലും മൺപാത്രങ്ങളും മൺചിരാതുകളും നിറഞ്ഞിരുന്നു. ഇവയെല്ലാം നമ്മുടെ നാട്ടിൽ നിർമ്മിച്ചവയായിരുന്നു. എന്നാലിന്ന് ഇവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. ഒരുകാലത്ത് 'അടുക്കളയിൽ വേവുന്ന കറികൾക്ക് മുതൽ പൂന്തോട്ടത്തിൽ വിരിയുന്ന പൂക്കൾക്കുവരെ ഇടമൊരുക്കിയ മൺചട്ടിയും കലവും കൂജ, കരകൗശലവസ്തുക്കൾ എന്നിവയൊക്കെ നിർമ്മിച്ചിരുന്ന ചൂള അടുപ്പുകളിലെ കനൽ കെട്ടിട്ട് കാലങ്ങളായി. മുമ്പ് പ്രദേശത്തെ നിരവധി വീടുകളിലെ ചൂളകളിൽ പാത്ര നിർമ്മാണം നടന്നിരുന്നു. ഇപ്പോൾ നിർമ്മാണം നാമമാത്രമായി. കൊടുവഴന്നൂർ, ഭരതന്നൂർ, പേടികുളം മേഖലകളിൽ നിരവധി കുടുംബങ്ങൾ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു.

ഇന്ന് തമിഴ്നാട്ടിൽ നിന്നാണ് മൺപാത്രങ്ങളേറെയും കേരളത്തിലെത്തുന്നത്. നാഗർകോവിലിലെ ചുണ്ണാങ്കട, തെങ്കാശിയിലെ തേൻപറ്റ എന്നിവിടങ്ങളിൽ വൻതോതിൽ മൺപാത്രങ്ങളുടെ നിർമ്മാണം നടക്കുന്നു. അവിടെ സൊസൈറ്റിയും സർക്കാരും മേഖലയ്ക്ക് വൻ പ്രോത്സാഹനമാണ് നൽകിവരുന്നത്.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്:

കളിമണ്ണ് ലഭിക്കാത്തതാണ് നേരിടുന്ന വലിയ പ്രശ്നം. ഭൂമിയുടെ തരംതിരിവിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടെ നിന്നും കളിമണ്ണ് എടുക്കരുത് എന്നാണ് വ്യവസ്ഥ. പറമ്പുകളിൽ നിന്നെടുക്കാമെങ്കിലും അത്തരം മണ്ണ് മൺപാത്ര നിർമ്മാണത്തിന് പറ്റിയതല്ല. വയലുകളിലെ കളിമണ്ണാണ് യോജിച്ചത്. അതെടുക്കാനും പറ്റില്ല. മിക്കയിടങ്ങളിലും പാത്ര നിർമ്മാണത്തിന് യന്ത്രങ്ങളില്ല. പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നാണ് 50,000 രൂപ സബ്സിഡിയോടെ ഇതനുവദിക്കാറുള്ളത്. അപേക്ഷിച്ചവർ പലരും ഇന്നും കാത്തിരിപ്പാണ്. മൺപാത്ര നിർമ്മാണം പരമ്പരാഗത വ്യവസായമായി അംഗീകരിക്കാത്തതിനാലും ഇവർക്കായി പ്രത്യേക തൊഴിൽ സംഘടന ഇല്ലാത്തതിനാലും മൺപാത്ര വിപണനത്തിന് പ്രത്യേക സംവിധാനങ്ങളില്ല.

പ്ളാസ്റ്റിക്കുകളുടെ കടന്നുവരവ്

ചെടിച്ചട്ടികളും അലങ്കാരച്ചട്ടികളും അത്യാവശ്യം വില്പനയുണ്ടായിരുന്നിടത്ത് പ്ലാസ്റ്റിക്ക് ചെടിച്ചട്ടികളുടെ കടന്നുവരവും വയറ്റത്തടിയായി. പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നതുമില്ല. കുലത്തൊഴിൽ ഉപേക്ഷിക്കാൻ മനസില്ലാത്തതുകൊണ്ട് കുറച്ചുപേർ ഇന്നും ഈ തൊഴിൽ തുടരുന്നു.