s

നെയ്യാറ്റിൻകര: അദാലത്തിൽ അപേക്ഷയുമായെത്തിയ മാഗ്ളിന് കാലുകളുടെ സ്വാധീനക്കുറവ് കാരണം വേദിയിലേക്ക് കയറാനായില്ല. മന്ത്രിയെ നേരിട്ടുകണ്ട് അപേക്ഷ നൽകണമെന്ന ആഗ്രഹം പറഞ്ഞതോടെ അപേക്ഷ തീർപ്പാക്കുന്ന തിരക്കിനിടയിൽ നിന്ന് മന്ത്രി ജി.ആർ.അനിൽ സദസിലേക്ക് ഇറങ്ങിവന്നു.

വിഴിഞ്ഞം കൂട്ടിക്കൽപ്പറമ്പ് സ്വദേശി മാഗ്ലിനും മൂന്നരവയസുകാരി മകൾ ഇസൈറയുമാണ് നെയ്യാറ്റിൻകര താലൂക്ക് അദാലത്തിൽ പരാതിയുമായെത്തിയത്. ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട മാഗ്ലിൻ സ്വതന്ത്രമായി സഞ്ചരിക്കാൻ ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമായി വീടെന്ന സ്വപ്‌നവുമായാണ് അദാലത്തിലെത്തിയത്. മാഗ്ലിന്റെ അടുത്തെത്തി ആവശ്യം അനുഭാവപൂർവം കേട്ട മന്ത്രി ജി.ആർ.അനിൽ,ജില്ലാ സാമൂഹ്യനീതി ഓഫീസറിനെ വിളിച്ചുവരുത്തി ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുന്നതിന് ഉത്തരവ് നൽകുകയായിരുന്നു.

സാമ്പത്തിക പരാധീനത ഏറെ അനുഭവപ്പെടുന്ന കുടുംബമാണ് മാഗ്ലിന്റേത്. 2020ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചുവെങ്കിലും സാമ്പത്തികപ്രശ്‌നങ്ങളെ തുടർന്ന് പണിതുടങ്ങാൻ കഴിഞ്ഞില്ല. വീടിനുള്ള അപേക്ഷ കൂടി മന്ത്രിക്ക് നൽകിയിട്ടുണ്ട്.അപേക്ഷ സ്വീകരിച്ച മന്ത്രി തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.