ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വാഹന പരിശോധന ഊർജിതമാക്കിയതോടെ സൂചനാ പണിമുടക്കിന് നോട്ടീസുമായി ബസ് ഓണേഴ്സ് അസോസിയേഷൻ. 27ന് സ്വകാര്യ ബസ് തട്ടി 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് അധികൃതർ പാലസ് റോഡ് വൺവേയാക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഡിവൈ.എസ്.പി വിളിച്ചുചേർത്ത യോഗത്തിൽ വാഹനഗതാഗതം പഴയ നിലയിലാക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഡി.വൈ.എഫ്.ഐ സ്വകാര്യ ബസുകൾ തടഞ്ഞത് സംഘർഷത്തിനും ബസുകളുടെ മിന്നൽ പണിമുടക്കിനും കാരണമായി. വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ചശേഷം നിറുത്താതെപോയ ബസിലെ കണ്ടക്ടർക്ക് ലൈസൻസില്ലെന്ന കണ്ടെത്തൽ വ്യാപക പരിശോധനകൾക്ക് വഴിവച്ചു. ഒരാഴ്ചത്തെ വാഹനപരിശോധനയിൽ നിയമലംഘനത്തിന് നോട്ടീസിനു പകരം ബോധവത്കരണമായിരുന്നു. പിന്നീടത് നിയമ നടപടിയിലേക്ക് കടക്കുകയായിരുന്നു. ചിറയിൻകീഴ്, വർക്കല താലൂക്കിൽ മലയോര മേഖലയിലടക്കം യാത്രയ്ക്കായി ജനം ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുമാത്രം 40 ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിനിടയിലാണ് അധികൃതരുടെ അനാവശ്യ ഇടപെടലിനെതിരെ സ്വകാര്യബസുകൾ 20ന് സൂചന പണിമുടക്കിന് നോട്ടീസ് നൽകിയത്.
ബസുകൾക്കെതിരെ നടപടി
ആറ്റിങ്ങലിൽ മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആറ്റിങ്ങൽ ആർ.ടി.ഒ മഹേഷ് പറഞ്ഞു. കഴിഞ്ഞ 30നാണ് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. ആദ്യഘട്ടത്തിൽ 10 ബസുകൾക്ക് നോട്ടീസ് നൽകി. ബസുകളുടെ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ്. പണിമുടക്കിയ ദിവസം ബസിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളും ലൈസൻസിന്റെ പകർപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. മിന്നൽ പണിമുടക്ക് കോടതി ഉത്തരവുകളുടെ ലംഘനമായതിനാലാണ് വകുപ്പുതല നടപടികൾക്ക് നോട്ടീസ് നൽകിയത്.
ഫിറ്റ്നെസ് റദ്ദാക്കി
കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഒരു ബസിന്റെ ഫിറ്റ്നെസ് റദ്ദാക്കുകയും 6 ബസുകൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. ഒന്നിലധികം നിയമലംഘനങ്ങളുള്ള ബസുകളും പരിശോധനയിൽ കണ്ടെത്തി. ചവിട്ടുപടികൾ ഇളകിയ നിലയിലും പ്ലാറ്റ്ഫോമിൽ ദ്വാരം വീണ നിലയിലും സീറ്റുകൾ ഇളകിക്കിടക്കുന്ന തരത്തിലും റോഡ് ഗ്രിപ്പില്ലാത്ത ടയറുകളും എൻജിൻ ഓയിൽ ലീക്ക് ചെയ്യുന്ന തരത്തിലുമുള്ള ബസിന്റെ ഫിറ്റ്നെസാണ് റദ്ദാക്കിയത്.
പരാതിയുമായി അഭിഭാഷകരും
സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ കച്ചേരി നടവഴിയായിരിക്കെ പാലസ് റോഡുവഴി ബസ് സ്റ്റാൻഡിലെത്തുന്ന നടപടിക്കെതിരെ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ആർ.ടി.ഒ, ഡിവൈ.എസ്.പി,നഗരസഭ ചെർപേഴ്സൺ എന്നിവർക്ക് നിവേദനം നൽകി. ചിറയിൻകീഴ്, വക്കം കടയ്ക്കാവൂർ, വർക്കല ഭാഗത്ത് നിന്നു വരുന്ന സ്വകാര്യ ബസുകളിൽ അഭിഭാഷകരും വക്കീൽ ഗുമസ്തൻമാരുമടക്കം നിരവധി യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ബസ് വഴിമാറി ഓടുന്നതിനാൽ കോടതികളിലും മറ്റ് ഓഫീസുകളിലും എത്താൻ ജീവനക്കാർ ബുദ്ധിമുട്ടുന്നു. സ്വകാര്യ ബസുകൾ പെർമിറ്റ് അടിസ്ഥാനത്തിൽ ഓടിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് ബാർ അസോസിയേഷൻ കരുതുന്നത്.