child

തിരുവനന്തപുരം: നാലു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അദ്ധ്യാപിക നുള്ളി മുറിവേൽപ്പിച്ചെന്ന് പരാതി. പുറത്തുപറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കൾ ഫോർട്ട് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. അദ്ധ്യാപികയായ നസ്രീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ബാലികയെ ആയ ഉപദ്രവിച്ച സംഭവം വിവാദമായതിനുപിന്നാലെയാണിത്.

മണക്കാട് കല്ലാട്ടുമുക്കിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. വിവരം വിവാദമായതിനു പിന്നാലെ അദ്ധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ അറിയിച്ചു. ക്ലാസിൽ അറിയാതെ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ നുള്ളിയതെന്നാണ് മതാപിതാക്കളുടെ പരാതി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അച്ഛൻ കുട്ടിയെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്ന് വീട്ടിലാക്കി. പിന്നാലെ അമ്മൂമ്മ കുളിപ്പിക്കാൻ വിളിച്ചെങ്കിലും കുട്ടി തയ്യാറായില്ല. നിലവിളിച്ച കുട്ടിയെ നിർബന്ധിപ്പിച്ച് കുളിപ്പിക്കാൻ നോക്കിയപ്പോഴാണ് അരയുടെ പിൻ ഭാഗത്ത് നുള്ളിയതിന്റെ മുറിവ് കണ്ടത്. ഓഫീസിലായിരുന്ന മകളെ വിളിച്ച് കാര്യം പറഞ്ഞശേഷം അമ്മൂമ്മ സ്കൂളിലേക്ക് പോയി. താൻ ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ധ്യാപിക പറഞ്ഞെതോടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അധികൃതർ അതിന് തയ്യാറായില്ല. ഇന്നലെ രാവിലെയാണ് മാതാപിതാക്കൾ ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകിയത്. കുട്ടിയെ ഫോർട്ട് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വനിത പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.

''ഒന്നരമാസം മുമ്പാണ് ഈ അദ്ധ്യാപിക സ്കൂളിലെത്തിയത്. അതിനു ശേഷം മോൾ സ്കൂളിൽ പോകാൻ പേടിച്ചിരുന്നു. ഒന്നര ആഴ്ചമുമ്പ് സ്കൂൾ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. ഈ വർ‌ഷം ഇനി വേറെ അഡ്മിഷൻ കിട്ടില്ല. എന്നാലും അവിടേക്ക് അയയ്ക്കില്ല.

-കുട്ടിയുടെ അമ്മ

അടിയന്തരമായി ഇടപെട്ട് കർശനനടപടിയെടുക്കാൻ ഫോർട്ട് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

-കെ.വി.മനോജ് കുമാർ,​

സംസ്ഥാന ബാലാവകാശ കമ്മിഷൻ

ചെയർപേഴ്സൺ

കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.

-ശിവകുമാർ

ഫോർട്ട് ,സി.ഐ