pailine

പാറശാല: പാറശാലയിലെ പൈപ്പ്പൊട്ടൽ ജനങ്ങളെ ഒഴിയാബാധയായി പിന്തുടരുകയാണ്. പൈപ്പ് വെള്ളത്തെമാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളമില്ല. അധികൃതർ വെള്ളക്കരം കൂട്ടുന്നതിലൂടെ ചെലവ് വർദ്ധിക്കുമെന്നല്ലാതെ വെള്ളം കിട്ടാറില്ല. പാറശാലയിലെ കുടിവെള്ളക്ഷാമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പരാതികൾ പലതും ഉയർന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കോടികൾ ചെലവിട്ട് പദ്ധതികൾ നടപ്പാക്കിയെങ്കിലും കുടിവെള്ളം പ്രശ്നമായിത്തന്നെ തുടരുകയാണ്. വെയിലായാലും മഴയായാലും കുടിവെള്ളം കിട്ടാക്കനിയാണ്. ഏതുനിമിഷവും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാം.

 മുൻകരുതൽ വേണം

പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുമെന്നതിനാൽ എപ്പോഴും കരുതിയിരിക്കണമെന്നാണ് നാട്ടുകാർക്ക് വാട്ടർ അതോറിട്ടി നൽകുന്ന മുന്നറിയിപ്പ്. അതുകാരണം പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ എന്നും ത്രിശങ്കുവിലാണ്. ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമായ പൈപ്പുകളിലൂടെ ഉയർന്ന മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്നതാണ് പൈപ്പ് പൊട്ടാൻ കാരണം. പൊട്ടിയ പൈപ്പ് നന്നാക്കാനായി റോഡുകൾ നിരന്തരം വെട്ടിപ്പൊളിക്കുന്നതും നാട്ടുകാരെ വലയ്ക്കുന്നുണ്ട്.

 നന്നാക്കിയിട്ടും ഗുണമില്ല

വണ്ടിച്ചിറ മുതൽ പരശുവയ്ക്കൽ വരെയുള്ള ഭാഗത്തും പരശുവയ്ക്കൽ മുതൽ ഇടിച്ചക്കപ്ലാമൂട് വരെയുള്ള ഭാഗത്തും പൈപ്പ് പൊട്ടൽ പതിവ്. ഇരുനൂറോളം തവണയാണ് ഇവിടെ പൈപ്പ് പൊട്ടിയിട്ടുള്ളത്. പൊട്ടിയ പൈപ്പുകൾ വാട്ടർ അതോറിട്ടി നന്നാക്കുമെങ്കിലും അടുത്ത ദിവസം തന്നെ വീണ്ടും പൊട്ടും.


പാറശാല ടൗണിലേക്ക് വെള്ളം നൽകുന്നതിന് പാറശാല ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്ഥാപിച്ച വാട്ടർടാങ്ക് റെയിൽവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി. ഇപ്പോൾ വണ്ടിച്ചിറയിൽ നിന്നും നേരിട്ട് വീടുകളിലേക്ക് എത്തിക്കുകയാണ്. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ ഉയർന്ന പ്രദേശങ്ങളിലെ വീടുകളിൽ പൈപ്പ് വെള്ളം എത്താറില്ല.