p

തിരുവനന്തപുരം: ജനകീയ പൊലീസിംഗാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പൊതുവേ ആ രീതിയിൽ മാറിയെങ്കിലും പഴയതിന്റെ ചില അവശിഷ്ടങ്ങൾ ചില മേഖലകളിലും ചിലരിലും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ നന്മയ്ക്ക് ജനപക്ഷത്തു നിന്ന് പൊലീസ് പ്രവർത്തിക്കണം. ജനകീയ പൊലീസിന്റെ ഉത്തമ മാതൃകകളായി മാറണം. ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 339 റിക്രൂട്ട് കോൺസ്റ്റബിൾമാരുടെ പാസിംഗ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കാലത്തിനു വേണ്ട പരിശീലനമാണ് പൊലീസിന് നൽകിയിട്ടുള്ളത്. ലോകത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരളാ പൊലീസ്. രാജ്യത്തിന് മാതൃകയുമാണ്. എല്ലാ മേഖലയിലും വൈദഗ്ദ്ധ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾ ആപത്ത് നേരിടുമ്പോൾ സഹായിയായും സംരക്ഷകരായും പൊലീസ് മാറുന്നുണ്ട്. എസ്.എ.പിയിൽ പരിശീലനം പൂർത്തിയാക്കിയ 52, എം.എസ്.പി, കെ.എ.പി

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകളിൽ നിന്നായി യഥാക്രമം 57, 35, 52, 44, 29 പേരാണ് പരേഡിൽ പങ്കെടുത്തത്. വനിതാ ബറ്റാലിയനിലെ 26പേരുമുണ്ട്. തിരുവനന്തപുരം പുതിയതുറ സ്വദേശി ഡോൺ ക്രിസ്റ്റോയായിരുന്നു പരേഡ് കമാൻഡർ.

മികച്ച ഓൾറൗണ്ടർമാരായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ് വി.എസ് (എസ്.എ.പി), അഖിൽ.ടി (എം.എസ്.പി), ജെറോം.കെ.ബിജു (കെ.എ.പി-1), മിഥുൻ. ആർ (കെ.എ.പി-2), വിനു.വി.നാഥ് (കെ.എ.പി-3), ഹിരോഷ് ബാബു (കെ.എ.പി-4), എ.മുഹമ്മദ് ഹാഷിം (കെ.എ.പി-5), എവലിൻ അന്നാ ബേസിൽ (വനിതാ ബറ്റാലിയൻ) എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം നൽകി.

36 എൻജിനിയർമാർ

ഇന്നലെ സേനയുടെ ഭാഗമായ കോൺസ്റ്റബിൾമാരിൽ 36പേർ എൻജിനിയറിംഗ് ബിരുദധാരികളാണ്. 7 എം.ബി.എക്കാരടക്കം 30 പി.ജിക്കാരുണ്ട്. ബി.ബി.എ, ബി.സി.എ അടക്കം ബിരുദം നേടിയ 161 പേരുണ്ട്.