
പോത്തൻകോട്: തലസ്ഥാനത്ത് ഭിന്നശേഷിക്കാരിയായ 69കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിൽ നിന്ന് കമ്മലും കവർന്ന് കൊടുംക്രൂരത. പോത്തൻകോട് കൊയ്ത്തൂർക്കോണം ഈശ്വരവിലാസം യു.പി സ്കൂളിന് എതിർവശം ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയാണ് (69) അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോത്തൻകോട് പുലിവീട് വാർഡ് കണിയാർക്കോണം തെങ്ങുവിളാകത്ത് വീട്ടിൽ തൗഫീക്കാണ് (33) അറസ്റ്റിലായത്.
ശാരീരിക വളർച്ചയില്ലാത്ത വയോധിക മാതാപിതാക്കളുടെ മരണശേഷം കുടുംബവീട്ടിൽ ഒറ്റയ്ക്കായിരുന്നു. എട്ട് സഹോദരങ്ങൾ സമീപത്തായി താമസമുണ്ട്. എന്നും പതിവായി രാവിലെ അഞ്ചോടെ എഴുന്നേറ്റ് സമീപത്തെ ബേക്കറിയിൽ നിന്ന് ചായയും കുടിച്ച് വഴിയോരങ്ങളിലെ പൂക്കളും പറിച്ച് വീട്ടിലേക്കെത്തും. കുളിയും വീട്ടിലെ പൂജാമുറിയിലെ പ്രാർത്ഥനയും കഴിഞ്ഞ്, അയൽപക്കത്തെ ചില വീടുകളിൽ മുറ്റമടിക്കാൻ പോകും. ഇന്നലെയും പതിവുപോലെ ചായകുടിച്ച് പൂക്കളുമായി മടങ്ങുന്നതിനിടെ തൗഫീക്ക് ഇവരെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു.
രാവിലെ ഏഴോടെ സമീപത്തെ സഹോദരന്റെ പുരയിടത്തിൽ ഇവരെ മരിച്ച നിലയിൽ ആദ്യം കണ്ടത് സമീപത്തു തന്നെ താമസിക്കുന്ന ഒരു സഹോദരിയാണ്. ഇവർ നിലവിളിച്ചതോടെ മറ്റുള്ളവർ ഓടിയെത്തി.വൃദ്ധയുടെ വസ്ത്രങ്ങൾ കീറിയ നിലയിലും കൈയിലുണ്ടായിരുന്ന പൂക്കൾ ചിതറിയ നിലയിലുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് കൊയ്ത്തൂർക്കോണം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റേഷൻകടയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പോക്സോകേസുകളിൽ ഉൾപ്പെടെ പ്രതിയായ തൗഫീക്കിനെ കണ്ടതോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മോഷ്ടിച്ച കമ്മൽ അയ്യായിരം രൂപയ്ക്ക് ചാലയിലെ കടയിൽ വിറ്റശേഷം തിരിച്ച് പോത്തൻകോട് ബസ് സ്റ്റാൻഡിലെത്തിയപ്പോഴേക്കും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുമായി പൊലീസ് ചാലയിലെ സ്വർണക്കടയിലെത്തി ഇയാൾ വിറ്റ സ്വർണം കണ്ടെടുത്തു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.വൃദ്ധയെ ആദ്യം കണ്ടപ്പോൾ പെൺകുട്ടിയാണെന്നാണ് കരുതിയതെന്ന് ഇയാൾ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ക്രൂരം, മൃഗീയം
പുരയിടത്തിൽ വിറകുകൾ അടുക്കിവച്ചിരിക്കുന്നതിനിടയ്ക്കായിരുന്നു ഭിന്നശേഷിക്കാരിയായ വൃദ്ധയുടെ മൃതദേഹം. മുണ്ടും ബൗസ്ലുമായിരുന്നു വേഷം.ബ്ലൗസ് വലിച്ചുകീറിയ നിലയിലും ഉടുത്തിരുന്ന മുണ്ട് മൃതദേഹത്തിന്റെ മുഖത്തിലൂടെ മൂടിയ നിലയിലുമായിരുന്നു. മുഖത്ത് മുറിപ്പാടുകളുമുണ്ടായിരുന്നു. കാതിൽ അണിഞ്ഞിരുന്ന കമ്മലുകൾ നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ക്രൂരമായ പീഡനത്തിനുശേഷം മോഷണം നടന്നതായി ആദ്യംതന്നെ പൊലീസ് ഉറപ്പിച്ചു.വൈകിട്ട് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവേറ്റതായി വ്യക്തമായത്.