1

നെയ്യാറ്റിൻകര: ചെമ്പൂര് ശശി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. കീഴാറൂർ മൊട്ടലുമൂട് മൈലൂർ ഏദൻ കോട്ടേജിൽ ബിനു (47)വിനെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെമ്പൂര് ഉടയൻകാവ് കാർത്തിക നിവാസിൽ ശശി (50) ആണ് കൊലപ്പെട്ടത്.

2015 ജനുവരി 6ന് രാത്രി 7ഓടെടെയാണ് കേസിന് ആസ്പദമായ സംഭവം. ബിനുവിന്റെ വക ഏഴര സെന്റ് സ്ഥലം 2013ൽ ശശിയുടെ ഭാര്യ വിലയ്ക്ക് വാങ്ങിയിരുന്നു. ആ സ്ഥലത്തുള്ള കൈത്തറിയും ചർക്കയും ബിനുവിന് കൊടുക്കണമെന്നാവശ്യപ്പെട്ട് ബിനു ശശിയെ ഭീഷണിപ്പെടുത്തി. കൃത്യ ദിവസം വൈകിട്ട് ചെമ്പൂര് ജംഗ്ഷനിലെത്തിയ ശശിയെ കാത്തിരുന്ന ബിനു കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് 'തലയിലും കഴുത്തിലും വെട്ടി. ചെമ്പൂര് സ്നേഹ ആശുപത്രിയിലും, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയവേയാണ് ശശി മരണമടഞ്ഞത്.

ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും അനുഭവിക്കണം. കൂടാതെ കേസിലെ സാക്ഷിയായ ശശിയുടെ ഭാര്യ സിസിലിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി ശുപാർശ ചെയ്തു.

ആര്യങ്കോട് പൊലീസ് എസ്.ഐ ആയിരുന്ന എം. മാഹീൻ അന്വേഷണത്തിന് നേതൃത്വം നൽകി. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ,അഡ്വ.മഞ്ജിത എന്നിവർ ഹാജരായി.