story

നെയ്യാറ്റിൻകര: പശുക്കൾ ചത്തതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് തുണയായി താലൂക്ക് അദാലത്ത്.ജീവനോപാധിയായ വളർത്തുമൃഗങ്ങൾ പ്രകൃതിക്ഷോഭമടക്കമുള്ള കാരണങ്ങൾ കൊണ്ട് ചത്തതോടെ വരുമാനം നിലച്ച് ബുദ്ധിമുട്ടിലായവർക്കാണ് താലൂക്ക് അദാലത്തിലെ വേദിയിൽ നിന്ന് സഹായധനം ലഭിച്ചത്.

കൊല്ലയിൽ പഞ്ചായത്തിലെ രവീന്ദ്രൻ നായരുടെ കറവപശു ഇടിമിന്നലേറ്റാണ് ചത്തത്.മഞ്ചവിളാകം സ്വദേശി റോസിലിയുടെ പശുവും പ്രകൃതിക്ഷോഭത്തിൽ ചത്തു.പെരുങ്കടവിള പഴമലയിൽ താമസക്കാരിയായ സിന്റർലയുടെ കിടാരി തെരുവ് നായ്ക്കളുടെ അക്രമണത്തിലാണ് കൊല്ലപ്പെട്ടത്.മൂവരുടെയും പരാതികൾ കേട്ട മന്ത്രിമാർ ഉചിതമായ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അദാലത്ത് വേദിയിൽ തന്നെ സഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവുകൾ പരാതിക്കാർക്ക് മന്ത്രിമാർ തന്നെ കൈമാറുകയും ചെയ്തു.

സൗജന്യ റേഷന്

എ.എ.വൈ കാർഡ്
ജന്മനാ ചലനശേഷി നഷ്ടപ്പെട്ട രണ്ടുമക്കളുമായി അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അതിയന്നൂർ സ്വദേശി വത്സല അദാലത്തിൽ എത്തിയത് ചികിത്സാനുകൂല്യങ്ങൾ ലഭിക്കുന്ന മഞ്ഞ റേഷൻ കാർഡിന് വേണ്ടിയാണ്.മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബത്തിന് സൗജന്യ റേഷനരി ലഭിക്കുമെന്നത് ആശ്വാസമാണ്.തന്റെ കാലശേഷം അസുഖബാധിതരായ രണ്ടുമക്കൾക്ക് ആശ്വാസമാകണമെന്ന ആഗ്രഹത്തോടെയാണ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിട്ടും വത്സല അദാലത്തിനെത്തിയത്.
പള്ളിനട സ്വദേശി രാജവും അദാലത്തിനെത്തിയത് സമാന സാഹചര്യങ്ങളിൽ നിന്നാണ്.ഇരു കുടുംബത്തിനും ചുവപ്പ് റേഷൻ കാർഡിൽ നിന്ന് അന്ത്യോദയ അന്നായോജന (എ.എ.വൈ)റേഷൻ കാർഡിലേക്ക് മാറാൻ അധിക സമയം വേണ്ടിവന്നില്ല.മന്ത്രി ജി.ആർ.അനിൽ അദാലത്ത് വേദിയിൽ വച്ച് ഇവർക്ക് മഞ്ഞ റേഷൻ കാർഡ് നൽകി.