
തിരുവനന്തപുരം:കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനടപടിയിൽ ഇടപെടാനാകില്ലെന്ന് പതിനാറാം ധനകാര്യകമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ മുഖ്യമന്ത്രിയോട് പറഞ്ഞു.
കേന്ദ്രവിഹിതം അടക്കം കേന്ദ്രസഹായം നിർണ്ണയിക്കാനുള്ള നടപടികളുടെ ഭാഗമായി കോവളത്ത് മന്ത്രിസഭാ അംഗങ്ങളുമായി ചർച്ച നടത്തുകയായിരുന്നു കമ്മിഷൻ.
മുഖ്യമന്ത്രി പിണറായിവിജയൻ കേരളത്തിന്റെ ആവശ്യങ്ങൾ വിശദമായ നിവേദനമായി അവതരിപ്പിച്ചു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയെന്നും നിയമപരമായി ചോദ്യം ചെയ്യേണ്ടിവന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസ് ഏതുവരെയായെന്ന് കമ്മിഷൻ അംഗം മനോജ് പാണ്ഡെ ചോദിച്ചു. ഭരണഘടനാബെഞ്ചിലാണെന്നും സംസ്ഥാനത്തിന് അർഹമായ 13000കോടിയുടെ വായ്പാനുമതി പോലും കേസിന്റെ പേരിൽ കേന്ദ്രം തടഞ്ഞെന്നും ഇത് ലഭിക്കാൻ പ്രത്യേക ഹർജി നൽകേണ്ടിവന്നതായും മുഖ്യമന്ത്രി പറഞ്ഞു. കടമെടുപ്പിൽ കേന്ദ്രം നടത്തുന്ന ഇടപെടലിനെതിരെ ശുപാർശയുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. വായ്പാനുമതി നിയന്ത്രിക്കുന്ന കേന്ദ്രനടപടിയിൽ ധനകാര്യകമ്മിഷന് ഒന്നും ചെയ്യാനില്ലെന്ന് കമ്മിഷൻ ചെയർമാൻ ഉടൻ മറുപടി നൽകുകയായിരുന്നു. സംസ്ഥാനങ്ങളുടെ വായ്പ നിയന്ത്രിക്കാൻ ഭരണഘടനാപരമായി കേന്ദ്രസർക്കാരിന് അധികാരമുണ്ട്. വായ്പയുടെ അത്യന്തികമായ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. അതുകൊണ്ട് പരിധിവിടാതെ വായ്പ നിയന്ത്രിക്കാനും കേന്ദ്രത്തിനാകും. സംസ്ഥാനങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ശുപാർശയായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം തരുന്ന നികുതി വിഹിതം വർദ്ധിപ്പിക്കണമെന്നും അതിനുള്ള ഡിവിസീവ് പൂളിലേക്ക് സെസ്,സർചാർജ്ജ് വരുമാനങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവും കമ്മിഷൻ നിരസിച്ചു.നികുതി വിഹിതം കൂട്ടിയാൽ കേന്ദ്രത്തിന്റെ വരുമാനം കുറയും..അത് ഒഴിവാക്കാനാണ് സെസ്,സർചാർജ്ജ് എന്നിവ പിരിക്കുന്നത്. ഇതും ഡിവിസീവ് പൂളിൽ പെടുത്തി സംസ്ഥാനങ്ങളുമായി പങ്കുവെച്ചാൽ കേന്ദ്രസർക്കാർ പ്രതിസന്ധിയിലാകും.13-ാം ധനകാര്യകമ്മിഷൻ മുതൽ അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. നേരത്തെ ഡിവിസീവ് പൂളിൽ നിന്ന് 32 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവെച്ചിരുന്നത്. അത് 41 ശതമാനമായി വർദ്ധിപ്പിച്ചപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സെസും സർചാർജ്ജുമെന്ന് കമ്മിഷൻചൂണ്ടിക്കാട്ടി.
13,922 കോടി ഗ്രാന്റായി വേണം
കേന്ദ്രനികുതിയിൽ നിന്ന് സംസ്ഥാനങ്ങൾക്കു നൽകുന്ന വിഹിതം അമ്പത് ശതമാനമായി ഉയർത്തണമെന്ന് ധനകാര്യ കമ്മിഷനോട് സർക്കാരും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു. നിലവിൽ 41 ശതമാനമാണ് പങ്കുവയ്ക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള (എസ്.ഡി.ആർ.എഫ്) മുഴുവൻ തുകയും കേന്ദ്രം തരണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
നിലവിൽ സംസ്ഥാനവും കേന്ദ്രവും 50 ശതമാനം വീതം പങ്കിടുകയാണ്. എസ്.ഡി.ആർ.എഫിലേക്ക് പ്രത്യേക ഗ്രാന്റായി 13,922കോടിരൂപ അനുവദിക്കണം.പൊതുമേഖലാ കമ്പനികളുടെ ലാഭം ,സ്പെക്ട്രം വിൽപന,റിസർവ് ബാങ്കിന്റെ ലാഭം,പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയിലൂടെയുള്ള നികുതിയേതര വരുമാനവും പങ്കുവയ്ക്കണം.
സർചാർജും സെസും സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. പത്താം ധനകാര്യ കമ്മിഷൻ മുതൽ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും ഈ കുറവ് പരിഹരിക്കണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. റബറിനുള്ള മിനിമം വില 300 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം).സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എക്സ് എം എൽ എആവശ്യപ്പെട്ടു.