
വർക്കല: പത്തു വയസുകാരിയെ മൂന്നുവർഷം ലൈംഗികമായി ഉപദ്രവിച്ച കേസിൽ വക്കം കൊച്ചുതൈവീട്ടിൽ ചന്ദ്രദാസിന് (52) വർക്കല പോക്സോ അതിവേഗ പ്രത്യേക കോടതി 20 വർഷം കഠിനതടവും 110000 രൂപ പിഴയും വർക്കല പോക്സോ അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ജഡ്ജി സിനി .എസ്.ആർ ആണ് വിധി പ്രസ്താവിച്ചത്. 2022-ലാണ് കേസിന് ആസ്പദമായ സംഭവം. ടി.വി കാണുന്നതിന് പ്രതിയുടെ വർക്കല കണ്ണംബയിലെ വീട്ടിൽ സ്ഥിരമായി പോകാറുണ്ടായിരുന്ന കുട്ടി ക്രമേണ പോകാൻ മടി കാണിച്ചതും പ്രതിയെ കാണുമ്പോൾ കുട്ടി ഭയന്നൊളിക്കുന്നതും ഉൾപ്പെടെ കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും വർക്കല പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐമാരായ അജിത് കുമാർ, രാഹുൽ .പി.ആർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിവിധ മൂന്നു വകുപ്പുകളിലായി 5 വർഷം വീതം 15 വർഷവും, പോക്സോ നിയമപ്രകാരം 4 വർഷവും ഐ.പി.സി 506 പ്രകാരം ഒരു വർഷവും ആണ് ശിക്ഷ. എന്നാൽ ശിക്ഷ ഒരുമിച്ച് അഞ്ചു വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നു 50000 രൂപ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
അഡ്വ.പി. ഹേമചന്ദ്രൻ നായർ, അഡ്വ. എസ്. ഷിബു, അഡ്വ.ഇക്ബാൽ എന്നിവർ ഹാജരായി.