1

വിഴിഞ്ഞം: വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെ പുതിയ ബർത്തിലെ സ്ളാബുകളും ബീമുകളും സ്ഥാപിക്കാൻ കൂറ്റൻ ക്രെയിനെത്തി. ക്രെയിനിന്റെ സഹായത്തോടെ ബീമുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പുതുവർഷത്തിൽ കമ്മിഷൻ ചെയ്യും.

ഈ മാസം അവസാനം പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. ആറുവർഷം മുൻപ് ആരംഭിച്ച ബർത്ത് നിർമ്മാണം ഏതാനും പൈലുകൾ സ്ഥാപിച്ചതോടെ നിലച്ചിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിഴിഞ്ഞം പുതിയ വാർഫിനു സമീപം മുങ്ങിയ ടഗ്ഗ് ഉയർത്തുന്നതിന് കാലതാമസം നേരിട്ടതോടെ ബർത്ത് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. ഈ ടഗ്ഗ് കണ്ടംചെയ്ത് വിറ്റതോടെ തടസങ്ങൾ നീങ്ങി. എന്നാൽ ബർത്ത് നിർമ്മാണത്തിന് കരാറെടുത്തിട്ട് വർഷങ്ങൾ നീണ്ടതോടെ കരാറുകാരൻ കൂടുതൽ തുകയാവശ്യപ്പെട്ടു. എന്നാൽ സാങ്കേതികകാരണങ്ങളാൽ കരാറുകാരനെ മാറ്റി. ഇപ്പോൾ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് നിർമ്മാണം നടക്കുന്നതെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞെങ്കിലും

വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബർത്ത് നിർമ്മിക്കുന്നതിന് 2018ൽ 7കോടി ചെലവിൽ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. പകുതി പൈലിംഗ് ജോലികൾ നടത്തിയതോടെ ടഗ്ഗ് തടസമായി തുടർന്നു.

ആദ്യം ബർത്ത് നിർമ്മിക്കാൻ അനുവദിച്ചത് - 7 കോടി

പിന്നീട് - 10.34 കോടിയായി പുതുക്കി

ശേഷിച്ച ഭാഗം പൂർത്തിയാക്കാൻ 7.5 കോടിയുടെ സാങ്കേതികാനുമതി ലഭിച്ചു

ബർത്തിന്റെ നീളം 76.7 മീറ്റർ,വാർഫ് എന്നിവ പൂർത്തിയാക്കും.

ആകെ വേണ്ടത് 52 തൂണുകൾ. ഇവ പൂർത്തിയാക്കി

രണ്ടാംഘട്ടം യാർഡ് പണികൾ പൂർത്തിയാക്കും

സുരക്ഷ പ്രധാനം

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ അധികൃതർ അതീവ ഗൗരവത്തോടെയാണ് ബർത്ത് നിർമ്മാണത്തെ കാണുന്നത്. തെക്കുപടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാന സ്ഥലമെന്ന നിലയിൽ വിഴിഞ്ഞത്തെ സുരക്ഷയും കേന്ദ്രം ഗൗരവമായി കാണുന്നു. ഇവിടെ നേവിയുടെ താവളവും വരുന്നുണ്ട്. അതിനു മുന്നോടിയായാണ് കോസ്റ്റ് ഗാർഡിന്റെ സുരക്ഷാകപ്പലുകൾ അടുപ്പിക്കാൻ ബർത്ത് നിർമ്മിക്കുന്നത്.