തിരുവനന്തപുരം: പട്ടികജാതി/ പട്ടികവർഗ സംവരണത്തിന് മേൽത്തട്ട് പരിധി ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾ ഉപരിവർഗീകരണം നടത്തണമെന്നുമുള്ള സുപ്രീം കോടതി വിധിക്കെതിരെ ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം നഗരത്തിൽ പ്രതിഷേധക്കടലായി. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെയുള്ള റോ‌ഡ് സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള സമരക്കാരെ കൊണ്ട് നിറഞ്ഞു.

സമരത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും മിക്ക റോഡുകളിലും ഗതാഗതം പൂർണമായി സ്തംഭിച്ചു. സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും വൻ ജനാവലിയുടെ പങ്കാളിത്തത്തോടെ വലിയ മാർച്ചും ധർണയും നടന്നിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ സമരക്കാർ നിരന്ന പ്രതിഷേധസമരം സമീപകാലത്ത് ഇതാദ്യമെന്നാണ് പറയപ്പെടുന്നത്.

വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളിലായി സമരസ്ഥലത്തെത്തിയവർ രാവിലെ പത്തോടെ വെള്ളയമ്പലം മുതൽ സ്റ്റാച്യുവരെയുള്ള റോഡ് കൈയടക്കി.ആദ്യഘട്ടത്തിൽ റോഡിന്റെ ഒരു വശത്ത് മാത്രമായി സമരക്കാർ ഒതുങ്ങി നിന്നെങ്കിലും ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിറുത്തിവച്ചു.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധസൂചകമായ പരമ്പരാഗത നൃത്തച്ചുവടുകളോടെയാണ് സമരത്തിൽ പങ്കെടുത്തത്. സമരത്തിന് ഊർജ്ജം പകരാൻ ചെണ്ടമേളവും ബാൻഡ് സെറ്റുകളും അടക്കമുള്ളവ സജ്ജമാക്കിയിരുന്നു. രാജ്ഭവന് മുന്നിലുള്ള വേദിയിൽ നടത്തിയ ധർണയുടെ ലൈവ് ടെലിക്കാസ്റ്റ് എല്ലായിടത്തും കാണുന്നതിനായി ഓരോ പോയിന്റിലും എൽ.സി.ഡി സ്ക്രീനുകളും ക്രമീകരിച്ചിരുന്നു.

ഉദ്ഘാടനത്തിനു ശേഷം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സെക്രട്ടേറിയറ്റ് വരെയുള്ള ഓരോ പോയിന്റുകളിലുമെത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.സെക്രട്ടേറിയറ്റിന് മുന്നിൽ സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയിലും അദ്ദേഹം പങ്കെടുത്തു.