port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80കോടി വയബിലിറ്റി ഗ്യാപ്പ് ഫണ്ട്(വി.ജി.എഫ്) നേടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തുറമുഖത്തിന്റെ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ മുഖ്യമന്ത്രി ഡൽഹിക്ക് പോവും. ഈ കൂടിക്കാഴ്ചയിലാവും വി.ജി.എഫ് വിഷയം ഉന്നയിക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45ലക്ഷം കണ്ടെയ്നറുകളായും, 40വർഷത്തെ കരാർ കാലയളവിൽ വരുമാനം 2,15,000കോടിയായും ഉയരും. 36വർഷം കൊണ്ട് 48000 കോടി സർക്കാരിന് കിട്ടുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് തുറമുഖത്തിന് 817.80കോടി വി.ജി.എഫ് നൽകുന്നതിന് പകരം തുറമുഖത്തു നിന്ന് സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 20ശതമാനം കേന്ദ്രത്തിന് നൽകണമെന്ന വ്യവസ്ഥ കടുപ്പിച്ചത്. ഇതംഗീകരിച്ചാൽ പലിശ നിരക്കിലെ മാറ്റങ്ങളടക്കം 12,000കോടിയോളം രൂപ സംസ്ഥാനം തിരിച്ചടയ്ക്കേണ്ടി വരും. പണം തിരികെ നൽകാമെന്ന് സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ കരാറുണ്ടാക്കുകയും വേണം. അല്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവു ചെയ്യാം.

വിഴി‌ഞ്ഞത്ത് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്ന പദ്ധതിത്തുകയായ 4089കോടിയുടെ 40% കേന്ദ്രവും സംസ്ഥാനവും വി.ജി.എഫ് ആയി അനുവദിക്കുമെന്നായിരുന്നു 10വർഷം മുൻപേയുള്ളബ ധാരണ. ഇതുപ്രകാരം കേന്ദ്രവും, കേരളവും 817.8 കോടി വീതം നൽകണമായിരുന്നു. ഇത് പദ്ധതിത്തുകയുടെ 40% വരും. ഇതിൽ 20%തുക കേന്ദ്രം മുടക്കുന്നതിനാൽ തുറമുഖത്തു നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിന്റെ 20% നൽകണമെന്നാണ് കേന്ദ്രനിലപാട്. കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്. പണം നൽകാറായ ഘട്ടത്തിലാണ് ഉടക്ക്.

₹6000കോടി

വിഴിഞ്ഞത്ത് നിന്ന് കേന്ദ്രത്തിന് പ്രതിവർഷമുള്ള അധിക വരുമാനം

₹182കോടി

ട്രയൽ റണ്ണിൽ 70കപ്പലുകളെത്തിയപ്പോൾ കേന്ദ്രത്തിന് കിട്ടിയ ജി.എസ്.ടി

₹4777.14 കോടി

തുറമുഖനിർമ്മാണത്തിനും സൗകര്യങ്ങൾക്കുമായി സംസ്ഥാനം മുടക്കുന്നത്

''കേന്ദ്രധനമന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് 817.80കോടി വി.ജി.എഫ് അനുവദിക്കാൻ ശുപാർശ

നൽകിയിരുന്നത്. ഇത് നേടിയെടുക്കാൻ സമ്മർദ്ദം തുടരും''

- മന്ത്രി വി.എൻ .വാസവൻ