h

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശവികസന സംവിധാനം രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് പതിനാറാം ധനകാര്യകമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ.

സന്ദർശിച്ച 14 സംസ്ഥാനങ്ങളിൽ ഏറ്റവും നല്ലരീതിയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി വികസനം ഉറപ്പാക്കുന്നത് കേരളമാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കേന്ദ്രഫണ്ട് കൃത്യമായി തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നതിന് പുറമെ സംസ്ഥാനത്തിന്റെ പൊതുഫണ്ടിൽ നിന്നുള്ള വിഹിതവും കൈമാറുന്നുണ്ട്.

കേരളം അടക്കം ഇതുവരെ സന്ദർശിച്ച 14 സംസ്ഥാനങ്ങളിൽ 13 സംസ്ഥാനങ്ങളും കേന്ദ്ര നികുതിയിൽ നിന്ന് 50 ശതമാനം പങ്കിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.നിലവിൽ 59% കേന്ദ്രത്തിനും 41% സംസ്ഥാനങ്ങൾക്കുമാണ്.

പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വിഹിതത്തിലെ 45% തുക നൽകുന്നത്. ഇത് മാറ്റി 30 % ആക്കണമെന്നും സംസ്ഥാനത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പങ്കുവെയ്ക്കുന്ന തുക 15% ൽ നിന്ന് 5% ആക്കി ചുരുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വനമേഖല സംരക്ഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 10% വിഹിതം നൽകുന്നത് 7.5% ആക്കണമെന്നും ജനസംഖ്യാനിയന്ത്രണത്തിന് നൽകുന്ന തുക 12.5ശതമാനത്തിൽ നിന്ന് 22.5 ആയും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങൾക്ക് 15% എന്നത് 32.5% ആയും വർദ്ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.പ്രകൃതിദുരന്തങ്ങൾക്കും തദ്ദേശസ്ഥാനങ്ങൾക്കുമുള്ള ഗ്രാന്റുകൾ കൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചുള്ള റിപ്പോർട്ട് അടുത്തവർഷം ഒക്ടോബറോടെ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കമ്മിഷൻ അംഗങ്ങളായ അംഗങ്ങളായ ആനി ജോർജ് മാത്യു, മനോജ് പാണ്ഡ, സൗമ്യകാന്തിഘോഷ് എന്നിവരും പങ്കെടുത്തു.