മംഗലപുരം: സി.പി.എം മംഗലപുരം ഏരിയ സമ്മേളനത്തിന് പിരിവ് നടത്തി ശേഖരിച്ച ഏഴു ലക്ഷത്തോളം രൂപ നൽകുന്നില്ലെന്നു കാട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി എം.ജലീൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ ഏരിയ കമ്മിറ്റി സെക്രട്ടറിയും നിലവിൽ ബി.ജെ.പിയുടെ സംസ്ഥ‌ാന സമിതിയംഗവുമായ മധു മുല്ലശ്ശേരിക്കെതിരെയാണ് പരാതി. മധു മുല്ലശേരിയെ സ്‌റ്റേഷനിലേക്ക് ഡിവൈ.എസ്‌.പി വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

മൈക്കുസെറ്രുകാരനും പന്തൽ പണിക്കാരനുമടക്കമുള്ള പണം ഇതിൽ നിന്നാണ് നൽകേണ്ടത്. ഇവർ മധു മുല്ലശേരിയെ സമീപിച്ചെങ്കിലും പണം നൽകിയില്ലെന്നാണ് ജലീലിന്റെ പരാതി. ബ്രാഞ്ച് കമ്മിറ്റികളിൽ നിന്ന് 2500 രൂപ വീതം പിരിച്ച് 3.27 ലക്ഷം രൂപ മധു മുല്ലശേരിക്ക് കൈമാറിയിരുന്നു. ഫിനാൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലരിൽ നിന്നു നേരിട്ട് പണപ്പിരിവും നടത്തി. മൈക്ക് സെറ്റ്, പന്തൽ, അലങ്കാരപ്പണി തുടങ്ങിയവയ്ക്ക് മധു മുല്ലശേരി അഡ്വാൻസായി രണ്ടേകാൽ ലക്ഷം രൂപ ഇവർക്ക് നൽകിയിരുന്നു. ബാക്കി പണം അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും ഇത് നൽകാൻ തയ്യാറായിട്ടില്ലെന്നുമാണ് ജലീൽ പറയുന്നത്. രണ്ടു ദിവസം മുൻപാണ് ആറ്റിങ്ങൽ ഡിവൈ.എസ്‌.പി എസ്.മഞ്ജുലാലിന് ജലീൽ പരാതി നൽകിയത്. അതേസമയം, കണക്ക് ചോദിച്ച് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും. തെളിവു നൽകിയാൽ തിരിച്ചു കൊടുക്കാൻ തയാറാണെന്ന് മധു മുല്ലശേരി പറഞ്ഞു. താൻ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിയുമ്പോൾ 27 ലക്ഷം മിച്ചം വച്ചിട്ടുണ്ടെന്നും മധു മുല്ലശേരി പറയുന്നു.