
തിരുവനന്തപുരം: ദുരന്തപുനരധിവാസത്തിന് സാമ്പത്തിക സഹായം നൽകാൻ ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പദ്ധതികളും നയങ്ങളും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വേണം.അതിനുള്ള പണവും ലഭിക്കണം.നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ലഭിക്കുന്നത് 30 മുതൽ 32 ശതമാനംവരെ മാത്രമാണ്. പഞ്ചവത്സര പദ്ധതികൾക്കുള്ള സാധാരണ കേന്ദ്രസഹായവും 2015-16 ഓടെ നിലച്ചു. ദേശീയ ജനസംഖ്യാനയം നടപ്പാക്കിയത് കേന്ദ്രനികുതി വിഹിതം കുറയാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ കെ.രാജൻ,എം.ബി.രാജേഷ്,പി.രാജീവ്,ജെ.ചിഞ്ചുറാണി,വി.അബ്ദുറഹിമാൻ,ചീഫ് സെക്രട്ടറി ശാരദമുരളീധരൻ എന്നിവർ പങ്കെടുത്തു. ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ,അംഗങ്ങളായ ആനിജോർജ് മാത്യു, മനോജ്പാണ്ഡ,സൗമ്യകാന്തിഘോഷ്,കമ്മിഷൻ സെക്രട്ടറി റിത്വിക് പാണ്ഡെ, ജോയിന്റ് സെക്രട്ടറി രാഹുൽജെയിൻ,ഡെപ്യൂട്ടി സെക്രട്ടറി അജിത്കുമാർ രഞ്ജൻ,ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് കുമാർ,ഓംപാൽ,കുമാർ വിവേക് എന്നിവർ സന്നിഹിതരായിരുന്നു.
അതിനിടെ, അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള 16ാം ധനകാര്യകമ്മിഷൻ അംഗങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. കന്യാകുമാരിയിലും സന്ദർശനം നടത്തി.