പൊലീസിന്റെ ചടുലമായ അന്വേഷണം പ്രതിയെ കുരുക്കി

തിരുവനന്തപുരം: പോത്തൻകോട് ഭിന്നശേഷിക്കാരിയായ വൃദ്ധ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കിയത് പൊലീസിന്റെ ചടുലമായ അന്വേഷണം.പ്രതിയെത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്നും സംഭവശേഷം ഷർട്ട് ധരിക്കാതെ ഇയാൾ റോഡിലൂടെ നടന്നതുമെല്ലാം പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപേ പൊലീസ് കണ്ടെത്തിയിരുന്നു.

തങ്കമണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടതോടെ പൊലീസ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പീഡനവും മോഷണവും നടന്നതായി ഉറപ്പിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്ന ഘട്ടത്തിൽത്തന്നെ പൊലീസ് സമാന്തരമായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രദേശത്തെ ലഹരിക്ക് അടിമകളായ പ്രതികളെ തപ്പി ഒരുസംഘവും,​സി.സി ടിവികൾ കേന്ദ്രീകരിച്ച് മറ്റൊരു സംഘവും അന്വേഷണം ശക്തമാക്കി.

തിങ്കളാഴ്ച രാത്രി 10ഓടെ തൗഫീക്ക് കൊയ്ത്തൂർകോണം ജംഗ്ഷനിലെത്തിയതായി റേഷൻകടയിലെ സി.സി ടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമായി.ഇതുവഴി കടന്നുപോകവേ പ്രതിയുടെ ബൈക്കിന്റെ ചെയിൻ പൊട്ടി. ഇതു നന്നാക്കാൻ ടൂൾസ് തിരക്കി ഇയാൾ സമീപത്തെ കടകളിലെത്തിയതായും പൊലീസിന് മൊഴിലഭിച്ചു. ശരിയാക്കാൻ കഴിയാതെ ജംഗ്ഷനിൽ ഒതുക്കിവച്ചശേഷം ഷർട്ടഴിച്ച് ബൈക്ക് മൂടിയശേഷം നേരം പുലരുന്നതുവരെ ഇയാൾ പ്രദേശത്ത് കറങ്ങിനടന്നു. ഇതിനിടെയാണ് പുലർച്ചെ ചായകുടിച്ച് മടങ്ങിയ തങ്കമണിയെ കണ്ടതും ആക്രമിച്ചതും.

ഇയാൾ വന്ന ബൈക്കിന്റെ നമ്പർ പരിശോധിച്ച പൊലീസ്,​കഴിഞ്ഞദിവസം മോഷണം പോയ രാജാജി നഗർ സ്വദേശി കുഞ്ഞുമോന്റെ ബൈക്കാണെന്ന് കണ്ടെത്തി. ഇതിനിടെ കൊയ്ത്തൂർകോണം സ്വദേശിയായ സജ്ജാദ് കൈമാറിയ വിവരവും നിർണായകമായി. ഇന്നലെ രാവിലെ ഷർട്ട് ധരിക്കാതെ മുണ്ട് മാത്രമുടുത്ത ഒരാൾ കൊയ്ത്തൂർകോണത്ത് നിന്ന് ലിഫ്ട് ചോദിച്ചെന്നും ഇയാളെ തന്റെ ബൈക്കിൽ പോത്തൻകോട് മാർക്കറ്റിനു സമീപമിറക്കിയതായും സജ്ജാദ് പൊലീസിനെ അറിയിച്ചു. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിലെത്തിയ പൊലീസ് നടത്തിയ അന്വേഷത്തിൽ ജംഗ്ഷനിൽ ലോ‌ഡിംഗ് തൊഴിലാളികൾ ഊരിയിട്ടിരുന്ന ഷർട്ടുകളിലൊന്ന് എടുത്തിട്ട് ഒരാൾ ബസ് സ്റ്റാൻഡിലേക്ക് പോയതായി മനസിലായി.

പ്രതി ബസിൽ കയറി കടന്നുകളയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തമ്പാനൂർ,പോത്തൻകോട്,ആറ്റിങ്ങൽ ഉൾപ്പെടെ പ്രധാന ബസ് സ്റ്റാൻഡുകളിൽ പൊലീസ് പരിശോധന ആരംഭിച്ചു.ഇതിനിടെയാണ് പ്രതി തിരികെ പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒന്നോടെ വന്നിറങ്ങിയത്. ചാലയിലെ തുണിക്കടയിൽ നിന്ന് വാങ്ങിയ പുതിയ ടീ ഷർട്ടും ധരിച്ചാണ് ഇയാളെത്തിയത്. ഉടൻ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു