phone

തിരുവനന്തപുരം: മൊബൈൽ ഫോണുകൾ ഫോ‍ർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നഷ്ടപ്പെട്ടതെങ്കിൽ ഒട്ടും ഭയക്കേണ്ട. നിങ്ങൾക്ക് പിന്നാലെയൊരു ഫോൺ കാളെത്തും. നഷ്ടപ്പെട്ട ഫോൺ കിട്ടിയിട്ടുണ്ടെന്ന്. ഈയിടെ ഫോർട്ട് പൊലീസ് സ്റ്രേഷനിൽ നിന്ന് ഇത്തരത്തിലെ കാൾ വന്നത് മുപ്പത് പേർക്കാണ്. അവരെല്ലാം ഓടിയെത്തി. തങ്ങൾക്ക് ദേവാലയങ്ങളിൽ പോയപ്പോഴും ബസ് യാത്രയ്ക്കിടയിലും നഷ്ടപ്പെട്ടതാണ് ഫോണുകൾ. ഒരിക്കലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല അവരെല്ലാം സ്റ്രേഷനിൽ പരാതി നൽകിയത്. രണ്ട് മാസത്തിനിടെ നഷ്ടപ്പെട്ട 30 ഓളം ഫോണുകൾ കണ്ടെത്തി ഉടമസ്ഥ‍ർക്ക് തിരികെ നൽകി മാസ്സായിരിക്കുകയാണ് ഫോർട്ട് പൊലീസ് ഉദ്യോഗസ്ഥർ. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് ഇത്. ഐ.എം.ഇ.ഐ നമ്പർ ട്രേസ് ചെയ്താണ് എല്ലാ ഉടമസ്ഥരെയും പൊലീസ് കണ്ടെത്തിയത്. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകം ടീം രൂപീകരിച്ചാണ് ഫോൺ കണ്ടെത്തൽ യാതാർത്ഥ്യമാക്കിയത്.