
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 2021 നവംബർ എട്ടിന് ശേഷമുള്ള സ്ഥിരം നിയമനങ്ങൾ തടയുന്നവിധത്തിൽ പുറത്തിറക്കിയ സർക്കുലർ പൊതുവിദ്യാഭ്യാസവകുപ്പ് പിൻവലിക്കുന്നു. മന്ത്രി വി.ശിവൻകുട്ടി ഇതിനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. നവംബർ 30ന് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് തീരുമാനം.
മന്ത്രിയുടെ നിർദ്ദേശപ്രകാരം എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ ഭാരവാഹികൾ എന്നിവരുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് ചർച്ച നടത്തി.
മാനേജ്‌മെന്റുകൾ ആശങ്ക രേഖാമൂലം അറിയിച്ചതിനെ തുടർന്ന് സർക്കാരുമായി ആലോചിച്ച് ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയതായി ഡയറക്ടർ അറിയിച്ചു.
സർക്കുലർ ചട്ടവിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഭാരവാഹികൾ ഡയറക്ടറെ അറിയിച്ചിരുന്നു. ആശങ്ക പരിഹരിക്കുമെന്ന് ഡയറക്ടർ അറിയിച്ചതായി മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനങ്ങൾ നടത്തുന്നതുവരെ 2021 നവംബർ എട്ടിന് ശേഷമുള്ള മറ്റ് നിയമനങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ മാത്രമേ പാടുള്ളൂ എന്നും മാനേജർമാർ നിയമനഉത്തരവ് ദിവസവേതനാടിസ്ഥാനത്തിൽ തന്നെയാണ് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നുമായിരുന്നു സർക്കുലറിലെ നിർദേശം. ഹൈക്കോടതി വിധിക്ക് വിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തിൽ അല്ലാതെ സമർപ്പിക്കുന്ന നിയമന ഉത്തരവുകൾ മടക്കണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം വിഷയത്തിലെ കോടതിവിധികൾ വൈകുന്നത് നിയമനങ്ങളിൽ അനിശ്ചിതത്വം തുടരാൻ ഇടയാക്കുമെന്ന് പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം അഭിപ്രായപ്പെട്ടു. അദ്ധ്യാപകർ കറുത്ത ബാഡ്‌ജ് ധരിച്ചും ധർണകൾ സംഘടിപ്പിച്ചും സർക്കുലറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
കശുഅണ്ടി ഇറക്കുമതി
കേസ്: ആർ.ചന്ദ്രശേഖരൻ
വിചാരണ നേരിടണം
ന്യൂഡൽഹി: കശുഅണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട തട്ടിപ്പ്, ഗൂഢാലോചന കേസിൽ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരനും, കോർപ്പറേഷൻ മുൻ എം.ഡി കെ.എ.രതീഷും വിചാരണ നേരിടണം. സി.ബി.ഐ കുറ്റപത്രത്തിനെതിരെ ഇരുവരും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി.
പബ്ലിക് സെർവന്റ് എന്ന നിലയിൽ ക്രിമിനൽ നടപടി ക്രമത്തിലെ 197 പ്രകാരം സംരക്ഷണമുണ്ടെന്ന വാദം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളി. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയോ, പൊതുമേഖലാ കമ്പനിയുടെയോ ഭാഗമായവർക്ക് ഈ വകുപ്പ് അനുസരിച്ച് സംരക്ഷണം ലഭിക്കില്ലെന്ന് പരാതിക്കാരനായ കടകംപള്ളി മനോജിന്റെ അഭിഭാഷകരായ ജി.പ്രകാശ്, പ്രിയങ്ക പ്രകാശ് എന്നിവർ വാദിച്ചത് സുപ്രീംകോടതി അംഗീകരിച്ചു.
കശുഅണ്ടി ഇറക്കുമതിയിൽ 80 കോടിയിൽപ്പരം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറ്റപത്രം റദ്ദാക്കണമെന്ന ഇരുവരുടേയും ആവശ്യം നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.