
തിരുവനന്തപുരം: കുറ്റാരോപണ മെമ്മോ വകവയ്ക്കാതെ, അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനും ഐ.എ.എസ് ഓഫീസർ കെ.ഗോപാലകൃഷ്ണനും എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സസ്പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്. ഗോപാലകൃഷ്ണനും സസ്പെൻഷനിലാണ്.
തന്നെ കുടുക്കാൻ ഗോപാലകൃഷ്ണൻ വ്യാജ പരാതി തയ്യാറാക്കി അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിന് നൽകിയെന്നാണ് ഫേസ്ബുക്കിലൂടെയുള്ള പ്രശാന്തിന്റെ ആരോപണം.
എസ്.സി/ എസ്.ടി വകുപ്പിന് കീഴിലുള്ള ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകൾ കിട്ടിയിട്ടും അത് മറച്ചുവച്ച് കെ.ഗോപാലകൃഷ്ണൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. മേയ് മാസത്തിൽ തന്നെ ഗോപാലകൃഷ്ണൻ എല്ലാ ഫയലുകളും കൈപ്പറ്റിയതായി രേഖയുണ്ട്. എന്നാൽ, ഉന്നതിയുടെ ഫയലുകളൊന്നും കിട്ടിയില്ലെന്ന് ജൂൺ, ജൂലായ് മാസങ്ങളിലെ തീയതികൾവച്ച് രണ്ട് കത്തുകൾ നൽകുകയായിരുന്നു. ഇ- ഓഫീസ് രേഖകൾ പരിശോധിക്കുമ്പോൾ രണ്ട് കത്തുകളും പഴയ ഡേറ്റിൽ വ്യാജമായി തയ്യാറാക്കിയതെന്നാണ് മനസിലാകുന്നത്.
കത്തുകൾ ഓഗസ്റ്റിലാണ് സൃഷ്ടിച്ചതെന്നും ജയതിലകിന്റെ ഓഫീസിൽ വച്ചാണ് തയ്യാറാക്കിയതെന്നും പ്രശാന്ത് ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയതിലക് റിപ്പോർട്ട് തയ്യാറാക്കിയത്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ വിമർശിച്ചതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് നേരത്തേ കുറ്റാരോപണ മെമ്മോ നൽകിയിരുന്നു.