premkumar

കേരളത്തിന്റെ സ്വന്തം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് നാളെ തുടങ്ങുകയാണ്. ചലച്ചിത്ര അക്കാഡമി ചെയർമാനായി നടൻ പ്രേംകുമാർ അവരോധിക്കപ്പെട്ടതിനു ശേഷമെത്തുന്ന ആദ്യ മേള. പ്രേംകുമാർ 'കേരളകൗമുദിയോട്" സംസാരിക്കുന്നു.

?​ ചലച്ചിത്രോത്സവത്തിന്റെ സാരഥിയായിരിക്കുമ്പോൾ...

 അക്കാഡമി ജനറൽ കൗൺസിൽ അംഗമായി കുറച്ചു നാളുണ്ടായിരുന്നു. 2022-ൽ വൈസ് ചെയർമാനായി. ഇപ്പോൾ മൂന്നുമാസമായി ചെയർമാന്റെ ചുമതല . കുറച്ചുകാലമായി മേളയുടെ നടത്തിപ്പ് കണ്ടുകൊണ്ടിരിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്തതുകൊണ്ട് വലിയ ടെൻഷനോ ആശങ്കകളോ ഇല്ല. കഴിഞ്ഞ 28 മേളകൾ സംഘടിപ്പിച്ച മികവുള്ള സംവിധാനങ്ങളാണ് ചലച്ചിത്ര അക്കാഡമിക്കുള്ളത്. ആ സിസ്റ്റം കൃത്യമായി പ്രവർത്തിക്കും. അതെല്ലാം കോ- ഓർഡിനേറ്റ് ചെയ്യുന്ന,​ ഇതിനെക്കുറിച്ച് നല്ല ധാരണയുള്ള സെക്രട്ടറി സി. അജോയ് ഒപ്പമുണ്ട്. ജനറൽ കൗൺസിൽ. എക്ലിക്യുട്ടിവ് കമ്മിറ്റി എന്നിവയിൽ പ്രവർത്തിക്കുന്നവരുണ്ട്. അവർക്കൊപ്പം നിന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകും. ഇതൊരു കൂട്ടായ പ്രവർത്തനമാണ്. ഒറ്റയ്ക്ക് ഒരു മനുഷ്യനും ഒരത്ഭുതവും ഉണ്ടാക്കാനാകില്ല.

?​ ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത എന്തായിരിക്കും.

 വനിതാ ചലച്ചിത്ര പ്രതിഭകൾക്ക് വലിയ ആദരം കിട്ടുന്ന മേളയായിരിക്കും ഇത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോങ്കോങ് ചലച്ചിത്രകാരി ആൻ ഹുയിക്കായ്ക്കും സ്പിരിട്ട് ഒഫ് സിനിമ പുരസ്കാരം പായൽ കപാ‌ഡിയയ്ക്കുമാണ്. ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ആണ് ജൂറി ചെയർപേഴ്സൺ. മലയാളം സിനിമ വിഭാഗത്തിലെ നാലു ചിത്രങ്ങളും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഒരു ചിത്രവും ഒരുക്കിയത് സ്ത്രീകളാണ്.

?​ ആഘോഷപൂർവം തുടങ്ങി,​ വിവാദങ്ങളിൽ ചെന്നുപെടുന്നതാണല്ലോ ചലച്ചിത്രമേളകളിലെ പതിവ്.

 ഇത് ജനാധിപത്യപരമായ ഒരിടമാണ്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അപ്പോൾ സ്വാഭാവികമായും അഭിപ്രായ പ്രകടനങ്ങളുണ്ടാകും. വിയോജിപ്പുകളെ ആ സ്പിരിട്ടിൽ കണ്ടാൽ മതി. വിലക്കുകയോ നിരസിക്കുകയോ ചെയ്യേണ്ട കാര്യമില്ല. എല്ലാം സഹിഷ്ണുതയോടെ സ്വീകരിക്കും,​

?​ 'എൻഡോസൾഫാൻ? വിവാദം ഇപ്പോഴും കത്തി നിൽക്കുകയാണല്ലോ.

 അതിനെക്കുറിച്ചുള്ള തുടർചർച്ചകൾ ഫെസ്റ്റിവൽ കഴിഞ്ഞിട്ട്. ഞാൻ ആരുടെയും ശത്രുവല്ല. അവരൊക്കെ ശത്രുപക്ഷത്ത് നിറുത്തേണ്ട ആളുമല്ല ഞാൻ. ഒരുപാടുപേർ പ്രവർത്തിക്കുന്ന മേഖലയാണ്. ഇത് നിലനിന്നു പോകണം. അതിന് കാതലായ ചില മാറ്റങ്ങളുണ്ടാകണം. ആരുടെയെങ്കിലും അഭിനയം മോശമാണെന്നോ സംവിധാനം പോരെന്നോ അല്ല ഞാൻ പറഞ്ഞത്. ചില പരിപാടികളുടെ പ്രമേയം, ഉള്ളടക്കം എന്നിവയെക്കുറിച്ചാണ് പറഞ്ഞത്. എന്റെ കടന്നുവരവ് ടെലിവിഷൻ മേഖലയിലൂടെയാണ്. ആ മേഖല അപഹാസ്യമാകരുത്. ഒരു കലാകാരനെന്ന രീതിയിൽ,​ ഞാൻ ജീവിക്കുന്ന സമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്,​ പ്രതിബദ്ധതയുണ്ട്.

?​ ശ്രീകുമാരൻ തമ്പിയെ പോലുള്ളവർ പിന്തുണച്ചല്ലോ.

 പിന്തുണകളും വിമർശനങ്ങളുമെല്ലാം ഒരേ മനസോടെയാണ് കാണുന്നത്. എനിക്കാരോടും അസഹിഷ്ണുതയില്ല. സിനിമാ നയം രൂപികരിക്കുന്ന വേളയിൽ ടെലിവിഷൻ പരിപാടികളും ചർച്ച ചെയ്യും.

?​ ഈ മേഖലയിൽ സെൻസിർഷിപ്പ് വേണം എന്നൊരു അഭിപ്രായമുണ്ട്...

 അത് എത്രത്തോളം പ്രയോഗികമാകുമെന്ന് ആലോചിക്കേണ്ടതാണ്. ഓരോ ദിവസവും ഷൂട്ട് ചെയ്യുകയും അന്നന്നു തന്നെ കാണിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഒരു നിയന്ത്രണം സ്വയം പാലിക്കേണ്ടതാണ്. ടിവിയിലെ പല കാഴ്ചകളും കാണുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്ന ഒരു കാഴ്ചപ്പാട് വളരുന്നതിന് ഇടയാകും.

?​ സിനിമകളിലും മോശം പ്രവണതകളുണ്ടല്ലോ.

 ഞാൻ അന്ന് ചില സിനിമകളെക്കുറിച്ചും പറ‌ഞ്ഞു. ഇന്റർനെറ്റിലെ ചില കാഴ്ചകൾ, ചില പുസ്തകങ്ങൾ... ഇതിനെക്കുറിച്ചെല്ലാം പറഞ്ഞു.

തിയേറ്ററുകളിലെത്തി,​ ആവശ്യമുള്ളവർ ടിക്കറ്റെടുത്ത് കാണുന്ന സംവിധാനമാണ് സിനിമ. അവിടെ കുട്ടികൾ ഉൾപ്പെടെ കാണണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം.

?​ സിനിമയിൽ നായകന്മാരിൽ ഒരാളായിരുന്ന ആ നടന് പിന്നീട് എന്തു പറ്റി.

 ഒരുപാട് കാരണങ്ങളുണ്ട്. എന്റെ ഭാഗത്തുനിന്നുണ്ടായ അലസതയുണ്ട്. ഞാൻ സാംസ്കാരിക പരിപാടികളിലും എഴുത്തിലും മുഴുകിയിരുന്നു. പല പത്രങ്ങളിലും വന്ന എന്റെ ലേഖനങ്ങൾ ഡി.സി ബുക്സ് 'ദൈവത്തിന്റെ അവകാശികൾ" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് പ്രകാശനം ചെയ്തു. ഒരു പതിപ്പ് അടൂർ ഗോപാലകൃഷ്ണൻ സാറാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ അഞ്ചാം പതിപ്പിലേക്ക് കടക്കുന്നു.

സിനിമയിൽ ഞാൻ ഒട്ടും സെലക്ടീവ് ആയിരുന്നില്ല. എനിക്ക് കംഫർട്ട് എന്നു തോന്നുന്ന കഥാപാത്രങ്ങൾ ചെയ്തു. സ്കൂൾ ഒഫ് ഡ്രാമ കഴിഞ്ഞപ്പോൾ ദൂരദർശനിൽ ടെലിഫിലിമുകളിൽ അവസരം വന്നു. ലംബോ എന്ന ടെലിഫിലിമിലൂടെ സംസ്ഥാന അവാർഡ് കിട്ടി. സിനിമക്കാരൊക്കെ ശ്രദ്ധിച്ചു. അങ്ങനെ ഞാനറിയാതെ ഇതൊക്കെ സംഭവിച്ചു. കുറേ കഴി‌ഞ്ഞപ്പോൾ സിനിമ ഇല്ലാതാകുന്ന അവസ്ഥ വന്നു. അപ്പോഴും സിനിമയ്ക്കു വേണ്ടി ശ്രമം നടത്തിയില്ല. കുടുംബവുമായി അപ്പോൾ കൂടുതൽ സമയം ചെലവഴിച്ചു.

 പ്രേംകുമാറിനോട് സിനിമാ പ്രവർത്തകരിൽ ചിലർക്കെങ്കിലും അസൂയ ഉണ്ടാകില്ലേ.

 അങ്ങനെയൊന്നും കരുതുന്നില്ല. ചില നിലപാടുകൾ, അഭിപ്രായങ്ങൾ.... അതൊന്നും ചിലർക്ക് ഉൾക്കൊള്ളനാകുന്നില്ല. അക്കാഡമി ചെയർമാൻ പദവിക്കായി ആഗ്രഹിക്കുകയോ പ്രയത്നിക്കുകയോ ചെയ്തില്ല. ഇതൊക്കെ സംഭവിക്കുകയാണ്. എത്രയോ മഹാരഥന്മാർ ഈ മേഖലയിലുണ്ട്. അവരൊക്കെ ഇരിക്കേണ്ടിടത്ത് സർക്കാർ എന്നെ പരിഗണിച്ചതിനെ ദൈവ നിയോഗമായാണ് കാണുന്നത്.

എനിക്ക് ഈ പദവി കിട്ടിയപ്പോൾ മഹാരഥന്മാരായ അടൂർ സാറും ഷാജി എൻ. കരുൺ സാറും ഉൾപ്പെടെ ആശംസിച്ചു. വലിയൊരു അംഗീകാരം കിട്ടിയതു പോലെയാണ് അപ്പോൾ തോന്നിയത്. ആദ്യമായി അഭിനയിച്ചത് പി.എ ബക്കറിന്റെ 'സഖാവ്; വിപ്ലവത്തിന്റെ ശുക്രനക്ഷത്രം" എന്ന സിനിമയിൽ,​ സഖാവ് കൃഷ്ണപിള്ളയായാണ്. അത് റീലീസായില്ല. പിന്നീട് മുഖ്യധാരാ സിനിമയാണ് എന്നെ സ്വീകരിച്ചത്.

?​ അവസാനമായി; 'പഴയ എസ്.എഫ്.ഐക്കാര"നാണോ.

 ചെമ്പഴന്തി എസ്.എൻ കോളേജിൽ കെ.എസ്.യുവിന്റെ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചിട്ടുള്ളയാളാണ്. പരാജയപ്പെട്ടു. അച്ഛനും കോൺഗ്രസ് അനുഭാവിയായിരുന്നു. ബക്കർ സാറിന്റെ സിനിമയ്ക്കു വേണ്ടി പി. കൃഷ്ണപിള്ളയുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് ഇടതു സഹയാത്രികനായത്.