traffic

 റോഡ് നാലുവരിയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: നഗരഹൃദയത്തോടു ചേർന്ന് കുപ്പിക്കഴുത്തുപോലെ കിടക്കുന്ന അട്ടക്കുളങ്ങര - മണക്കാട് - തിരുവല്ലം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കിഴക്കേകോട്ടയിൽ നിന്ന് വിഴിഞ്ഞം,കോവളം,പൂവാർ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.

കേവലം 4 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡിൽ നാളിതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അട്ടക്കുളങ്ങര മുതൽ മണക്കാട് ടോൾ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ എപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്.

അട്ടക്കുളങ്ങര വരെയുള്ള നാലുവരിപ്പാത കഴിഞ്ഞാൽ മണക്കാട് മുതലുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. ഒരു പഞ്ചായത്ത് റോഡിന്റെ വീതി മാത്രമേ തിരുവല്ലം വരെയുള്ള റോഡിനുള്ളൂ. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണിവിടെ. വിഴിഞ്ഞം തുറമുഖം പൂർണതോതിലെത്തുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്നും അടിയന്തരമായി റോഡ് വീതികൂട്ടി നാലുവരിയാക്കണമെന്നുമാണ് നാട്ടുകാരും ആവശ്യം.

നടപ്പാതയും സിഗ്നൽ ലൈറ്റുമില്ല

തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. മണക്കാട് ജംഗ്ഷൻ മുതൽ റോഡിന് തീരെ വീതിയില്ലാത്തതിനാൽ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. ആറ്റുകാൽ റോഡും വലിയപള്ളി റോഡും സംയോജിക്കുന്ന മണക്കാട് ജംഗ്ഷനിലും,മഹാറാണി ജംഗ്ഷനിലും ട്രാഫിക് സിഗ്നലില്ലാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.

നിരവധി വിദ്യാഭ്യാസ

സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ

മണക്കാട് ഗവ.ഗേൾസ്,കമലേശ്വരം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകൾ,ആറ്റുകാൽ ചിന്മയ വിദ്യാലയം,അമ്പലത്തറ ഗവ.സ്കൂൾ,കല്ലാട്ടുമുക്ക് ഓക്സ്‌ഫഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,നാഷണൽ കോളേജ് തുടങ്ങി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും,മണക്കാട് ഹോസ്പിറ്റൽ,ആറ്രുകാൽ ഹോസ്പിറ്റൽ,അൽ-ആരിഫ് ഹോസ്പിറ്റൽ,കമലേശ്വരം കിംസ് ആശുപത്രികളും ഈ 4 കിലോമീറ്ററിനുള്ളിലാണ്.

ആറ്റുകാൽ ക്ഷേത്രം റോ‌ഡും

നാലുവരിയാക്കണം

ആറ്റുകാൽ ക്ഷേത്രത്തിലെത്താൻ ഗതാഗതക്കുരുക്കിൽപ്പെടാതെ തരമില്ലെന്ന സ്ഥിതിയാണ്. മണക്കാട് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള റോഡും പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെടാറുണ്ട്. ആറ്റുകാൽ പൊങ്കാല മഹോത്സവകാലയളവിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ അധികൃതർ മാഗ്ഗങ്ങളൊന്നും കണ്ടിട്ടില്ല. അതിനാൽ ആറ്റുകാൽ ക്ഷേത്രം റോഡും ആധുനിക രീതിയിൽ വീതികൂട്ടി വികസിപ്പിക്കണമെന്നാണ് ആവശ്യം.