
തിരുവനന്തപുരം: വഞ്ചിയൂരിൽ സി.പി.എം സമ്മേളനത്തിന് റോഡ് കൈയ്യേറി സ്റ്റേജ് കെട്ടിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി. സംഭവം വീഴ്ചയായിപ്പോയെന്നും ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ഒരു ചാനലിനോട് അദ്ദേഹം പറഞ്ഞു.
പ്രത്യേക സാഹചര്യത്തിലാണ് അത്തരത്തിൽ സ്റ്റേജ് തയ്യാറാക്കേണ്ടി വന്നത്. എന്നാൽ അത് ഒഴിവാക്കേണ്ടതായിരുന്നു. യഥാർത്ഥത്തിൽ മെയിൻ റോഡ് തടഞ്ഞിരുന്നില്ല. പാർക്കിംഗിനായി ഉപയോഗിക്കുന്ന ഉപ പാതയിലാണ് പാളയം ഏരിയ സമ്മേളനത്തിനായി വേദി കെട്ടിയത്. സ്മാർട്ട് സിറ്റി വികസനത്തിന്റെ ഭാഗമായി ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് വഞ്ചിയൂരിലേക്കുള്ള റോഡും അടച്ചിരിക്കുകയായിരുന്നു. അതിനാൽ വലിയ ട്രാഫിക് പ്രശ്നം അപ്പോൾ ഈ ഭാഗത്തുണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു.