dddd

തിരുവനന്തപുരം: ഇടത്തേക്കോ വലത്തേക്കോ? നിൽക്കണോ പോണോ?... ഇടപ്പഴിഞ്ഞി ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ കാണുന്ന യാത്രക്കാർക്ക് സംശയങ്ങൾ ധാരാളം. പാങ്ങോടു നിന്ന് ഇടപ്പഴിഞ്ഞി ഭാഗത്തേക്ക് വരുന്ന ജംഗ്ഷനിലാണ് ഈ അപൂർവയിനം സിഗ്നലുള്ളത്. ഇടതുവശത്തെ പോസ്റ്റിൽ നിന്നിളകി താഴെ വീണ് തൂങ്ങിക്കിടക്കുന്ന നിലയിലാണ് സിഗ്നൽ. ഈ ഭാഗത്ത് ശരിയായ ഒരു സിഗ്നൽ കുറച്ച് മുന്നിലായുണ്ട്.എന്നാൽ തകരാറിലായ സിഗ്നൽ എന്തിനാണ് വച്ചിരിക്കുന്നതെന്ന് അധികൃതർക്കും ധാരണയില്ല. താഴ്ന്ന് കിടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്നവർക്ക് ഈ സിഗ്നൽ കാണാനാവില്ല. തിരക്ക് കുറഞ്ഞ സമയത്തും സിഗ്നലിൽ പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങൾക്ക് വ്യക്തതയില്ല. ചിലപ്പോൾ ചുവപ്പും പച്ചയും ഒരുമിച്ച് കത്തും. ചിലപ്പോൾ സമയം കഴിഞ്ഞാലും പച്ച സിഗ്നൽ കാണിക്കില്ല. സ്കൂൾ ഓഫീസ് സമയങ്ങളിൽ ഗതാഗതക്കുരുക്ക് കൂടുതലുള്ള പ്രദേശമാണ് ഇടപ്പഴിഞ്ഞി.

തിരുമല,പാങ്ങോട്,വലിയവിള,പേയാട്,തൃക്കണ്ണാപുരം എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ ഇടപ്പഴിഞ്ഞിയിലും വഴുതക്കാടുമെത്താൻ ഉപയോഗിക്കുന്നത് ഈ മാർഗമാണ്.വഴുതക്കാട് എത്താൻ പൂജപ്പുര വഴിയും സാധിക്കുമെങ്കിലും രാവിലെയും വൈകിട്ടും ഇവിടെയുള്ള തിരക്ക് കാരണം കൂടുതൽ പേരും പൂജപ്പുരയ്ക്ക് പകരം തിരഞ്ഞെടുക്കുന്നത് ഇടപ്പഴിഞ്ഞിയെയാണ്.കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഇടപ്പഴിഞ്ഞി ജംഗ്ഷനിലെ റോഡിന്റെ നവീകരണം അടുത്തിടെ പൂർത്തിയായിരുന്നു.ഈ സമയത്ത് സിഗ്നലുകൾ പൂർണമായും ഓഫാക്കിയിട്ട് ട്രാഫിക്ക് പൊലീസുകാരാണ് ഗതാഗതം നിയന്ത്രിച്ചത്. റോഡുപണിക്കിടയിൽ സിഗ്നൽ തകർന്നുവെന്നും ചിലർ ആരോപിക്കുന്നു.