കിളിമാനൂർ: നിറത്തിലും മണത്തിലും മയങ്ങി ഭക്ഷണസാധനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. കൃത്രിമ നിറക്കൂട്ടുകളും മായം ചേർത്തതുമായ ഭക്ഷണസാധനങ്ങളാകാം നിങ്ങൾ വാങ്ങുന്നത്. കൃത്രിമ നിറക്കൂട്ടുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധനവും ഉപയോഗിക്കുന്നവർക്കെതിരെ വൻ പിഴയും ഏർപ്പെടുത്തിയെങ്കിലും കടകളിൽ പരിശോധന കൃത്യമായി നടക്കാത്തതിനാൽ ഉപയോഗത്തിൽ ഒരുകു​റ​വുമില്ലെന്നാണ് ആക്ഷേപം.

ബേക്കറികളിൽ ഏറെ വിൽക്കപ്പെടുന്ന മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത നിറം ചേർക്കൽ വ്യാപകമായതിനെതുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. മഞ്ഞനിറത്തിനായാണ്‌ ഇത്‌ ഉപയോഗിക്കുന്നത്.അനുവദനീയമായ അളവിലും കൂടുതൽ സിന്തറ്റിക്‌ നിറങ്ങൾ അടങ്ങിയതായാണ് ഫാസ്റ്ര് ഫുഡെന്ന് ഫുഡ് സേഫ്ടി വിഭാഗം പറയുന്നു.

നിറത്തിന്റെ കുറവ് കച്ചവടം കുറയ്ക്കുമെന്നതിനാൽ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായാണ് നിറങ്ങൾ ചേർക്കുന്നത്. ക്രിസ്മസ്,ന്യൂ ഇയർ, ഉത്സവങ്ങൾ എന്നിവ വരാനിരിക്കെ ഭക്ഷണശാലകളിൽ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.

വെളിച്ചെണ്ണ വില വർദ്ധിച്ചതോടെ കൃത്യമ വെളിച്ചെണ്ണയും വ്യാപകം

കൃത്രിമ നിറങ്ങൾ

ടാർട്രാസൈൻ,സൺസെറ്റ് യെല്ലോ,അമരന്ത്,അല്ലുറ റെഡ്,ക്വിനോലിൻ യെല്ലോ, ബ്രില്ല്യന്റ് ബ്ലൂ,ഇൻഡിഗോ കാർമൈൻ

ഉപയോഗിച്ചാലുള്ള പ്രശ്നങ്ങൾ

അനുവദനീയമായ അളവിൽ കൂടുതൽ ഉപയോഗിക്കുമ്പോഴാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ,ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും കാരണമാകും.