
മലയാളിയുടെ സിവിൽ സർവീസ് എന്ന പേരിൽ അഭിമാനപൂർവം നടപ്പാക്കിയതാണ് കെ.എ.എസ് എന്ന കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്. പ്രതിഭാശാലികളായ മിടുക്കന്മാരെയും മിടുക്കികളെയും കണ്ടെത്തി അവർക്ക് സംസ്ഥാനത്തു തന്നെ ഉന്നത ഉദ്യോഗം നൽകി അവരുടെ സേവനം സ്വന്തം നാട്ടിൽത്തന്നെ പ്രയോജനപ്പെടുത്തുക എന്ന ആശയത്തോടെയാണ് ഇത് ആവിഷ‌്കരിച്ചത്. ഏതാണ്ട് ഐ.എ.എസ് പരീക്ഷയ്ക്കു സമാനമായ ത്രിതല പരീക്ഷയാണ് ഇതിനായി നടത്തിയത്. തുടക്കത്തിൽത്തന്നെ സർവീസ് സംഘടനകളും ഐ.എ.എസ് ഉന്നതരും ഇതിന് തടസങ്ങൾ സൃഷ്ടിച്ചതിനാൽ വിചാരിച്ചതിനേക്കാൾ വർഷങ്ങൾ കഴിഞ്ഞാണ് ആദ്യ വിജ്ഞാപനം ഇറക്കാനായത്. സർവീസിലിരിക്കുന്നവർക്കും ഈ പരീക്ഷയെഴുതാം. ഒന്നാം പിണറായി സർക്കാരിന്റെ ശക്തമായ നിലപാടാണ് പ്രതിബന്ധങ്ങൾ മറികടന്ന് കെ.എ.എസ് എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ ഇടയാക്കിയത്. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം സാദ്ധ്യമാക്കുമെന്നായിരുന്നു കെ.എ.എസ് പ്രഖ്യാപന വേളയിലെ വാഗ്ദാനം. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ വിജ്ഞാപനം. ആദ്യഘട്ടത്തിൽ 105 പേർക്കല്ലാതെ, പിന്നീട് ഒരാൾക്കു പോലും നിയമനം ലഭിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ താത്‌പര്യങ്ങൾക്കുപരി സ്വന്തം താത്‌പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ചില ശക്തികളുടെ സമ്മർദ്ദവും ചരടുവലിയുമാണ് പ്രധാനമായും സംസ്ഥാനത്തിന്റെ മാത്രമായ ഈ സർവീസിനെ ശ്വാസം മുട്ടിക്കുന്നത്. ഡെപ്യൂട്ടേഷൻ റിസർവായി നാല്പതോളം ഒഴിവ് കണ്ടെത്തിയെങ്കിലും ഇത് കെ.എ.എസിൽ ഉൾപ്പെടുത്തി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സർവീസ് സംഘടനകളുടെ സമ്മർദ്ദമാണ് വിജ്ഞാപനം വൈകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. ഈ വർഷമെങ്കിലും വിജ്ഞാപനം വന്നില്ലെങ്കിൽ പ്രായപരിധി പിന്നിടുന്ന വലിയൊരു വിഭാഗത്തിന് കെ.എ.എസിനുള്ള അവസരം നഷ്ടപ്പെടും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് വിജ്ഞാപനം വൈകിപ്പിക്കുന്നതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് പരമാവധി വൈകിച്ച് ഒടുവിൽ ഇത് ഇല്ലാതാക്കാനുള്ള കളികളാണ് നടക്കുന്നത്. ഭാവിയിൽ കേരളത്തിന്റെ അഭിവൃദ്ധിക്ക് ഏറെ മുതൽക്കൂട്ടാവുന്ന ഒരു ആശയമാണിത്. അത് മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുന്നവർ സ്വന്തം താത്‌പര്യ സംരക്ഷണത്തിന് സംസ്ഥാന താത്‌പര്യങ്ങൾ ബലികഴിക്കുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രതിബന്ധങ്ങൾ നീക്കേണ്ടതാണ്.
കെ.എ.എസ് രണ്ടാം വിജ്ഞാപനം 2023 നവംബറിൽ നടത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. ഇതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ചീഫ് സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്‌തികകൾ കെ.എ.എസ് ഡെപ്യൂട്ടേഷനു പരിഗണിച്ച് ഒഴിവുകൾ കണ്ടെത്താൻ സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല. കേരളത്തിൽ കെ.എ.എസ് വിജ്ഞാപനം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുണ്ട്. വലിയ തുക ചെലവാക്കി കോച്ചിംഗ് പൂർത്തിയാക്കിയവരും കുറവല്ല. പല കോച്ചിംഗ് സെന്ററുകളും പത്തുമാസം നീണ്ടുനിൽക്കുന്ന കോഴ്സിന് അമ്പതിനായിരം മുതൽ എഴുപത്തയ്യായിരം രൂപ വരെയാണ് ട്യൂഷൻ ഫീസായി വാങ്ങുന്നത്. നഗരങ്ങളിലും മറ്റുമുള്ള കോച്ചിംഗ് സെന്ററിൽ പഠിക്കുന്നതിന് ഗ്രാമങ്ങളിൽ നിന്നു വന്ന് ഇവിടങ്ങളിൽ താമസിക്കേണ്ടിവരുന്നതിനും നല്ലൊരു തുക ചെലവാകും. ഇങ്ങനെ പണം ചെലവാക്കി കഷ്ടപ്പെട്ട് പഠിക്കുന്നവരോടു ചെയ്യുന്ന കടുത്ത അനീതി കൂടിയാണിത്. ഒരിക്കൽ സർവീസിൽ കയറിക്കഴിഞ്ഞാൽ പിന്നെ ആരെയും അങ്ങോട്ട് പ്രവേശിപ്പിക്കാൻ താത‌്‌പര്യമില്ലാത്ത മട്ടിൽ സർവീസ് സംഘടനകൾ വൻ മതിലുകളായി മാറരുത്.