photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര, പ്ലാവിള വാർഡിലെ മലഞ്ചാണി, കടുവാക്കുഴി മലയിൽ ഗ്യാസ്‌ ക്രിമറ്റോറിയം തുടങ്ങാനുള്ള ഉദ്ഘാടനകർമ്മം നടത്താനെത്തിയ എം.എൽ.എയെയടക്കം നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹനെയും സംഘത്തെയും നാട്ടുകാരായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ മലഞ്ചാണിമലയിലേക്കുള്ള പാതയിലാണ് മലഞ്ചാണിമല സംരക്ഷണ സമിതി ഉപരോധം ഏർപ്പെടുത്തിയത്. ആദ്യവട്ടം എം.എൽ.എ കെ.ആൻസലൻ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സമരക്കാർക്കിടയിലൂടെ എം.എൽ.എയടങ്ങുന്ന സംഘം മലഞ്ചാണി മലയിലെത്തി ഉദ്ഘാടന ശിലാഫലകം കടുവാക്കുഴി മലയിൽ സ്ഥാപിച്ച് മടങ്ങി. സമരക്കാരുടെ കൂട്ടത്തിൽ ഒരു യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കവെ പൊലീസ് യുവാവിനെ പണിപ്പെട്ട് സംഭവസ്ഥലത്ത് നിന്നു നീക്കി. ഇതിനിടെ മാദ്ധ്യമപ്രവർത്തകർക്കു നേരെ നഗരസഭാചെയർമാന്റെ കൂടെയെത്തിയ തൊഴുക്കൽ സ്വദേശി വധഭീഷണി നടത്തിയതും വിവാദത്തിന് വഴിവച്ചു. രണ്ടു ദിവസം മുൻപ് കടുവാക്കുഴി മലയിൽ ഗ്യാസ്‌ ക്രിമറ്റോറിയം തുടങ്ങുന്നതിന്റെ ഭാഗമായി മരംമുറിക്കൽ നടക്കുന്നതിനിടെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളുടെ ആത്മഹത്യാശ്രമം നെയ്യാറ്റിൻകര പൊലീസ് തടഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് ആത്മഹത്യാശ്രമം അരങ്ങേറിയത്. നെയ്യാറ്റിൻകര, മലഞ്ചാണി, കടുവാക്കുഴിമല സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന പ്രദേശവും ഉരുണ്ട പാറകളാൽ ചുറ്റപ്പെട്ട സ്ഥലവുമാണ്. നഗരസഭ ഏറ്റെടുത്ത് ഒന്നര ഏക്കർ സ്ഥലം മലമുകളിൽ നിന്ന് നികത്തുന്നതോടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാകുമെന്നും വലിയ മഴയിൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും സമരസമിതി പറഞ്ഞു.

സമരക്കാർ പറയുന്നത്

ചെങ്കുത്തായ മലയ്ക്ക് മുകളിലാണ് കടുവാക്കുഴി. പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഗ്യാസ് ക്രിമറ്റോറിയവും ചവർ സംസ്കരണ പ്ലാന്റും നിർമ്മിക്കാനുള്ള ശ്രമം നഗരസഭ ഉപേക്ഷിക്കണമെന്നും വിവിധ ജാതിയിൽപ്പെട്ടവർക്ക് പൊതുശ്മശാനം ഉണ്ടായിരിക്കെ ഗ്രാമത്തും വ്ളാങ്ങാമുറിയിലുമുള്ള സ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതേയുള്ളൂവെന്നുമാണ് സമരക്കാർ പറയുന്നത്. മരണംവരെ പോരാടുമെന്നും നാട്ടുകാർക്ക് ആവശ്യമില്ലാത്ത ഗ്യാസ് ക്രിമറ്റോറിയമോ, ചവർ സംസ്കരണ പ്ലാന്റോ ഇവിടെയനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു.