photo

ചിറയിൻകീഴ്: മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസ് സ്ഥലപരിമിതിയുടെയും അസൗകര്യങ്ങളുടെയും നടുവിൽ. ദിനവും നിരവധി ആളുകൾ ആശ്രയിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ പ്രായം ചെന്നവർക്ക് രജിസ്ട്രേഷൻ നടപടികൾക്കടക്കം രണ്ടാം നിലയിൽ എത്തുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. അധാരം വീട്ടിൽ പോയി രജിസ്ട്രേഷൻ നടത്തുന്ന പ്രക്രിയ ഉണ്ടെങ്കിലും അതിന് അധിക ഫീസ് നൽകേണ്ടിവരും. പഞ്ചായത്ത് വക വാടക കെട്ടിടത്തിലാണ് നിലവിൽ ഇവിടെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്.

ഒരു വിശാലമായ ഹാളും രണ്ട് കുടുസുമുറികളുമാണിവിടെയുളളത്. ഹാളിലാണ് ക്യാബിൻ തിരിച്ച് സബ് രജിസ്ട്രാറുടെ റൂമും മറ്റ് സ്റ്റാഫുകൾക്കുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുളളത്. കുടുസു മുറികളിലാണ് ഫയലുകളും റെക്കാഡുകളും സൂക്ഷിച്ചിരിക്കുന്നത്. റെക്കാഡുകളുടെ ബാഹുല്യവും സ്ഥലപരിമിതിയും കാരണം യഥാവിധി പലതും സൂക്ഷിക്കാനാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ചോർച്ചയുള്ളതിനാൽ ഫലയുകൾ നശിക്കുന്നതിനും പൊടിയുന്നതിനുമൊക്കെ കാരണമാകും.

സ്ഥല പരിമിതിയും

ആവശ്യങ്ങളുമായി എത്തുന്നവർക്ക് മാത്രമല്ല സബ് രജിസ്ട്രാർ-1, ഹെഡ് ക്ലർക്ക്-1, ക്ലർക്ക്-3, ഓഫീസ് അറ്റൻഡന്റ്-2, പാർട്ട്ടൈം സ്വീപ്പർ -1 അടക്കമുളള എട്ട് ജീവനക്കാർക്കും നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണുളളത്. വിവിധ ആവശ്യങ്ങളുമായി ഇവിടെയെത്തുന്ന ജനങ്ങൾക്ക് പൊതുടോയ്ലെറ്റും ഇവിടെയില്ല. അത്യാവശ്യം വന്നാൽ ജീവനക്കാർ ഓഫീസിനകത്ത് ഉപയോഗിക്കുന്ന ടോയ്ലെറ്റാണ് പ്രയോജനപ്പെടുത്തുന്നത്. അതിനായി ജീവനക്കാരുടെ ഇടയിലൂടെവേണം നടന്നു നീങ്ങാൻ. പബ്ലിക് ടാപ്പും അന്യമാണ്.

സ്വന്തമായി ഭൂമിയില്ല

സ്വന്തമായി ഭൂമി ഇല്ലാത്തതാണ് സബ് രജിസ്ട്രാർ ഓഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തിൽ തുടരാൻ കാരണം. പഞ്ചായത്ത് തോന്നയ്ക്കലിൽ സ്ഥലം കണ്ടെത്തുന്നതായാണ് അറിവ്. നിലവിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിന് സമീപത്തായി സ്പോർട്സ് കൗൺസിൽ വക അമ്പത് സെന്റ് ഭൂമി കിടപ്പുണ്ട്. അവിടെ നിന്നും പത്ത് സെന്റ് സബ് രജിസ്ട്രാർ ഓഫീസിനായി അനുവദിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.