കോഴിക്കോട് : ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ കളറാക്കാൻ നഗരത്തിലെത്തിച്ച 571 ഗ്രാം എം.ഡി.എം.എ യും, 45 ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്ത് ഡാൻസാഫും സിറ്റി പൊലീസും. മൂന്ന്കേസുകളിലായി അഞ്ചുപേർ പിടിയിലായി. മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ മിംസ് ഹോസ്പിറ്റലിൽ സമീപത്ത് നിന്ന് കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ സി.എ ഹൗസിൽ മുഹമ്മദ്‌ (28), സീതിക്ക ഹൗസിൽ ജാസം അൽത്താഫ്. എസ്. ബി (22), എന്നിവരെയാണ് 326.5 ഗ്രാം എം.ഡി.എ.എയുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന കണ്ണിയിലെ അംഗങ്ങളാണ് ഇവർ. ഇതോടൊപ്പം രാവിലെ മെഡിക്കൽ കോളേജിന് സമീപം ഫാറൂഖ് കോളേജ് സ്വദേശി ചാത്തൻ പറമ്പിൽ ഫാസിർ (37), മംഗലാപുരം സ്വദേശിനി പട്ടർ കോടി ഷാഹിദാബാനു (32) എന്നിവരിൽ നിന്ന് 245 ഗ്രാം എം.ഡി.എ.യും പിടികൂടി. ഷാഹിദാബാനു ലഹരി കാരിയർ ആണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വലിയങ്ങാടിക്ക് സമീപിച്ചു സമീപം വച്ച് 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാൻ (36), എന്നയാളെ നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ കെ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ബാംഗ്ലൂർ, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ ലഹരി വസ്തുക്കൾ എത്തിച്ചത്. ലഹരികടത്തുകാരെ പൊലീസ് പിടികൂടാതിരിക്കാനും പരിശോധനകളിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടുന്നതിനും സ്ത്രീകളെയും ലഹരി കരിയർമാരായി ഉപയോഗിക്കുന്നുണ്ട്. ആഘോഷ ദിനങ്ങളെ വരവേൽക്കുന്നതിനായി സിറ്റിയിലേക്ക് ഒഴുകുന്ന മാരക ലഹരി വസ്തുക്കളെ പിടികൂടുന്നതിനായി ശക്തമായ പരിശോധനയാണ് നടക്കുന്നത്.


 ലഹരിക്കെതിരെയുള്ള നടപടിയിൽ പൊതുജനങ്ങൾക്കും പങ്കുചേരാം. 


ലഹരി ഉപയോഗമോ വിൽപ്പനയോ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സിറ്റി പൊലീസിന്റെ വാട്സാപ്പ്നെ നമ്പറിൽ അറിയിക്കാം. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്ത് 9995966666 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്ന ആളുകളുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കുന്നതാണ്.