കാസർകോട്: കാസർകോട് നഗരസഭാ സെക്രട്ടറിയായിരുന്ന പി.എ ജസ്റ്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നഗരസഭയിലെ കരാറുകാരൻ തളങ്കര ബാങ്കോട് സ്വദേശി ശിഹാബുദ്ദീൻ (46) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ കരാറുകാരനെ റിമാൻഡ് ചെയ്തു.

തളങ്കരയിലെ കെട്ടിടത്തിന് കള്ളയൊപ്പിട്ട് സമ്പാദിച്ച നമ്പർ റദ്ദാക്കിയതിന്റെ വിരോധത്തിൽ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ജസ്റ്റിന്റെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. ശിഹാബുദ്ദീൻ അടക്കം രണ്ട് പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നഗരസഭാ കാര്യാലയത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങി നാട്ടിലേക്ക് പോകാൻ കാറിൽ കയറുന്നതിനിടെയാണ് രണ്ടംഗ സംഘമെത്തി 'നീ കണ്ണൂർ എ.ഡി.എം അകാൻ നോക്കണ്ടെന്ന്' പറഞ്ഞു ഭീഷണിപ്പെടുത്തി തലക്ക് ഇടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തത്. മർദ്ദനമേറ്റ ജസ്റ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവ ദിവസത്തെ നഗരസഭാ കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ജസ്റ്റിൻ ഇമെയിൽ വഴി വെള്ളിയാഴ്ച തന്നെ പരാതി അയച്ചിരുന്നു. നാട്ടിലേക്ക് പോകുമ്പോഴാണ് ഇ മെയിൽ പരാതി അയച്ചത്. എസ്.പി പരാതി ടൗൺ പൊലീസിന് കൈമാറിയിരുന്നു. തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തിയ നഗരസഭാ സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി എടുത്തത്.

അതിനിടെ, പി.എ ജസ്റ്റിന് കളക്ടറേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ പ്രൊജക്ട് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ചു. ഇന്നലെ അദ്ദേഹം അവിടെ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ സ്വദേശിയായ അബ്ദുൽ ജലീൽ കാസർകോട് നഗരസഭാ സെക്രട്ടറിയായും ചുമതലയേറ്റു.


കൈയേറ്റത്തിനു പിന്നിൽ കെട്ടിട നമ്പർ വിവാദം

തളങ്കരയിൽ 580 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച കെട്ടിടത്തിന് ഭാഗികമായി ഉപയോഗിക്കാൻ സെക്രട്ടറി അനുമതി നൽകിയിരുന്നു. പിന്നീട് ഫയൽ പരിശോധിച്ചപ്പോൾ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് 892.0 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന് നമ്പറിട്ട് പൂർണ്ണമായും ഉപയോഗിക്കാൻ അനുമതി നൽകിയതായി വ്യാജ രേഖയുണ്ടാക്കിയതായി കണ്ടു. ഇത് സംബന്ധിച്ചു റവന്യു ഓഫീസർ മെമ്മോ നൽകുകയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മർദ്ദനം ഉണ്ടായത്. സെക്രട്ടറിക്ക് മാത്രം അനുമതി നൽകാൻ അധികാരമുള്ള കെട്ടിടത്തിന് ചട്ടം ലംഘിച്ച് റവന്യു സെക്രട്ടറി അനുമതി നൽകിയതാണ് പ്രശ്നത്തിന് കാരണമായത്. ജില്ലാ കളക്ടർക്കും സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.