
കോഴിക്കോട് ബീച്ച് വെള്ളയിൽ പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിൽ കാർ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം നേരിട്ട സംഭവം പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണ്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് ചിത്രീകരിക്കുമ്പോഴാണ് ആ കാറുകളിലൊന്ന് വീഡിയോഗ്രാഫറായ ടി.കെ. ആൽവിനെ ഇടിച്ചുവീഴ്ത്തിയത്. ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ അപകടം വരുത്തിയ ബെൻസ് കാറിന്റെ സ്ഥാനത്ത് ഡിഫൻഡർ എന്നു വരുത്താൻ ചില ശ്രമങ്ങൾ നടന്നുവെങ്കിലും ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമായതോടെ ആ നീക്കം പൊളിഞ്ഞു. വാഹന ഉടമയെ മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി ജാമ്യത്തിൽ വിട്ടു. രണ്ടുവർഷം മുമ്പ് വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായ ആൽവിൻ അതിന്റെ തുടർചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഇരുപതുകാരനായ ആൽവിൻ വീട്ടിലെ ഏക ആൺതരിയായിരുന്നു.
റീൽസ് തയ്യാറാക്കാനായി കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നു. റോഡിന്റെ മദ്ധ്യത്തിൽ നിന്ന് ചിത്രീകരിക്കുകയായിരുന്ന ആൽവിൻ അതിവേഗത്തിൽ കുതിച്ചുവരുന്ന കാറുകൾ കണ്ട് പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാർ ഇടിച്ച്, ഉയരത്തിലേക്കു തെറിച്ച് റോഡിൽ തലയടിച്ചു വീണു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. റീലും റിയൽ ജീവിതവും ഒന്നല്ല. അടുത്തിടെയായി ബൈക്കുകളിലും കാറുകളിലുമൊക്കെ മത്സരയോട്ടം നടത്തി റീൽസ് ചിത്രീകരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഹ്രസ്വ വീഡിയോകൾ എടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അതിരു കടക്കുന്ന ഇത്തരം പ്രവണതകൾ ആപൽക്കരമാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യങ്ങൾ നിയമപരമായിത്തന്നെ നിയന്ത്രിക്കുകയാണ് വേണ്ടത്. കൗതുകത്തിന് ചെയ്യുന്ന പ്രവൃത്തികൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ നിരപരാധികളുടെ പോലും ജീവനെടുക്കാറുണ്ട്. റീൽസ് ഷൂട്ട് ചെയ്യുന്നവർ വാഹനങ്ങൾ പല വിധത്തിൽ ഓടിച്ചാണ് ദൃശ്യങ്ങൾ പകർത്തുന്നത്. അതിനിടയിൽ ആളുകൾ നടന്നുപോകുന്നതും മറ്റു വാഹനങ്ങൾ പോകുന്നതും ഇക്കൂട്ടർ ശ്രദ്ധിക്കാറില്ല.
റോഡ് സുരക്ഷാനിയമം കർക്കശമാക്കിയാൽ ഇത്തരത്തിലുള്ള പല പ്രവൃത്തികൾക്കും വിലങ്ങിടാനാകും. തിരുവല്ല ഔട്ടർ ബൈപ്പാസിന്റെ ഭാഗമായി നവീകരിച്ച കിഴക്കൻ മുത്തൂർ -മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിനു സമീപം റീൽസ് ചിത്രീകരണം കൂടിയപ്പോൾ അവിടുത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരു ബാനർ കെട്ടി- 'ഈ റോഡിൽ റീൽസ് എടുക്കുന്നവന്റെ കൈയും കാലും തല്ലിയൊടിക്കു"മെന്നായിരുന്നു ബാനറിലെ മുന്നറിയിപ്പ്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. പൊതു സമൂഹത്തിന്റെ ഇത്തരം ഇടപെടലുകൾ ഗുണം ചെയ്യുമെങ്കിലും ഇക്കാര്യത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ടത്. വിവാഹത്തിനു മുന്നോടിയായുള്ള ആൽബം ചിത്രീകരിക്കുമ്പോഴും ആശാസ്യമല്ലാത്ത പ്രവണതകൾ വർദ്ധിച്ചുവരുന്നുണ്ട്. ജീവിതത്തിലെ സുപ്രധാനമായ ചടങ്ങ് അവിസ്മരണീയമാക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിസാഹസികത കാട്ടി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളിൽ ശക്തമായ ബോധവത്കരണവും ആവശ്യമാണ്. നിരത്തുകളിൽ ജീവിതങ്ങൾ പൊലിയാൻ ഇനിയും ഇടയാകരുത്.