
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം അലങ്കോലപ്പെടുത്തുന്ന സ്കൂളുകളും അദ്ധ്യാപകരും വരുംവർഷങ്ങളിൽ കലോത്സവങ്ങളിൽ പങ്കെടുക്കണോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ശിക്ഷക് സദനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ മത്സരങ്ങളിൽ കണ്ട ചില പ്രവണതകൾ ഇതിന് വിപരീതമാണ്. സമ്മാനം കിട്ടിയില്ലെങ്കിൽ ഉടൻ പ്രതിഷേധം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കൽ, റോഡിൽ പ്രതിഷേധം ഇവയൊക്കെ അനാരോഗ്യകരമാണ്. സംസ്ഥാന കലോത്സവത്തിൽ അത്തരം അനാരോഗ്യകരമായ കാര്യങ്ങൾ ഉണ്ടാകരുത്. ന്യായമായ പരാതികളിൽ അപ്പീൽക്കമ്മിറ്റിയുടെ തീരുമാനം അന്തിമമാവില്ല. അതിന് മുകളിൽ കോടതിയുണ്ട്. 237 ഇനങ്ങളുമായി ബന്ധപ്പെട്ട അദ്ധ്യാപകരുണ്ടാവും രക്ഷിതാക്കളുണ്ടാവും. ഇവരുടെ ഓരോരുത്തരുടേയും ഇഷ്ടത്തിനനുസരിച്ച് വിധി പറയണമെന്നത് നടക്കുന്ന കാര്യമല്ല, അച്ചടക്കത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടാവും സംഘാടകസമിതി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വാഗതസംഘം ഓഫീസ് മന്ത്രി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ് സ്വാഗതം പറഞ്ഞു.