വർക്കല: 74-ാമത് നാരായണഗുരുകുല കൺവെൻഷൻ 23ന് വർക്കല നാരായണ ഗുരുകുലത്തിൽ ആരംഭിക്കും. നാരായണഗുരുകുലത്തിലെ ഗൃഹസ്ഥശിഷ്യരുടെ വിശാലകൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങളും ഒത്തുചേരും. 29 വരെയാണ് കൺവെൻഷൻ.

എല്ലാദിവസവും രാവിലെ 9.30ന് നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദോ സ്വാമി ത്യാഗീശ്വരനോ പ്രവചനം നടത്തും. ഹോമം, ഉപനിഷത്ത് പാരായണം എന്നിവയും നടക്കും. സന്ധ്യയ്ക്ക് 7ന് പ്രാർത്ഥനാ യോഗത്തിൽ ഗുരുകുലത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും പ്രഭാഷണം നടത്തും.

അടൂരിൽ നിത്യസ്‌മൃതിയുടെ ഭാഗമായി ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത 30 പേരുടെ സൃഷ്ടികളുടെ പ്രദർശവും ഉണ്ടായിരിക്കും

23ന് രാവിലെ 9ന് ഡോ. പീറ്റർ ഒപ്പൻഹൈമർ ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരാങ്കണത്തിൽ പതാക ഉയർത്തും. 10ന് ആകാശവാണി, ദൂരദർശൻ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഗുരു മുനിനാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി വ്യാസപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. ഗുരു നിത്യ ചൈതന്യയതിയുടെ ഇൻഡെലിബിൾ ഇമ്പ്രെഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്യും. 29 വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകളുമുണ്ടാവും.