adb-loan

തിരുവനന്തപുരം: കേരളത്തെ അറിയിക്കാതെ പമ്പയെയും അച്ചൻകോവിലാറിനെയും വൈപ്പാറുമായി സംയോജിപ്പിക്കാനുള്ള തമിഴ്നാട് നീക്കം, കുടിവെള്ള പദ്ധതിക്ക് എ.ഡി.ബി വായ്പ എന്നിവ ഇന്നലെ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തില്ല.

തമിഴ്നാടുമായി മികച്ച ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. പ്രശ്നം കൂടുതൽ കടുപ്പിക്കുന്നതിന് രാഷ്ട്രീയ പരിമിതികളുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. എ.ഡി.ബി വിഷയം,​ രാഷ്ട്രീയസമവായമുണ്ടാക്കിയ ശേഷമായിരിക്കും ഇനി മന്ത്രിസഭയിലെത്തുക.

കുട്ടനാട് മേഖലയെ അടക്കം അതീവ ഗുരുതരമായി ബാധിക്കുന്നതാണ് പമ്പ- അച്ചൻകോവിൽ- വൈപ്പാർ നദീ സംയോജന പദ്ധതി. തമിഴ്നാടിന്റെ സമ്മർദ്ദത്തെ തുടർന്ന് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. തമിഴ്നാട്,​ കേരള മുഖ്യമന്ത്രിമാർ ഇക്കാര്യം ചർച്ചചെയ്യുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപനം ചില മന്ത്രിമാർ ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി ഉണ്ടായില്ലെന്നാണ് അറിയുന്നത്. പദ്ധതി നടപ്പായാൽ കേരളത്തിലെ 2000 ഹെക്ടർ വെള്ളത്തിലാകുമെന്നാണ് സാധ്യതാ പഠന റിപ്പോർട്ട്.
എ.ഡി.ബി സഹായത്തോടെ കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. കരാർ സൂയസ് പ്രോജക്ട്സിനാണ് നൽകിയിട്ടുള്ളത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയാൽ പ്രഖ്യാപനം നടത്താനായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു