mungi

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. നാലാഞ്ചിറ പാറോട്ടുകോണം കുഴിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന വിജയൻ- ഗിരിജ ദമ്പതികളുടെ മകൻ ജയൻ(41), പാറോട്ടുകോണം പാണൻവിള ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻ-​ ശകുന്തള ദമ്പതികളുടെ മകൻ പ്രകാശ് (43)എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1നാണ് സംഭവം. മരംമുറി ജോലിക്കാണ് ഇവർ ജയന്റെ ഓട്ടോയിൽ ക്ഷേത്രക്കുളത്തിനു സമീപമെത്തിയത്. ജോലിക്കുശേഷം മൂവരും ഓട്ടോയിലിരുന്ന് മദ്യപിച്ചശേഷം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തൽ അറിയാത്തതിനാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓട്ടോയിൽ തന്നെയിരുന്നു. നിലവിളി കേട്ട് രാജേഷ് ഓടിയെത്തിയപ്പോഴേക്കും ഇരുവരും മുങ്ങിത്താഴ്ന്നിരുന്നു.

നീന്തലറിയാത്തതിനാൽ രാജേഷിന് ഇവരെ രക്ഷിക്കാനുമായില്ല. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരയ്ക്കെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ആഴക്കൂടുതൽ കാരണം ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്രക്കുളത്തിലാണ് ഇവർ ഇറങ്ങിയത്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജയന്റെ ഭാര്യ: ഗിരിജ. മക്കൾ: നന്ദന,നന്ദു. പ്രകാശിന്റെ ഭാര്യ: മാലിനി. മക്കൾ: ഗംഗ പ്രസാദ്, വൈഗ പ്രസാദ്, അതിഥി പ്രകാശ്.