പോത്തൻകോട്: ഭിന്നശേഷിക്കാരിയായ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, കമ്മൽ മോഷ്ടിച്ച സംഭവത്തിൽ പ്രതി തൗഫീക്കിനെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നോ നാളെയോ നൽകും. തുടർന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മംഗലപുരം എസ്.എച്ച്.ഒ ഹേമന്ദ് കുമാർ പറഞ്ഞു. കൊലപാതകം, ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് കൊയ്ത്തൂർക്കോണം ഈശ്വരവിലാസം യു.പി സ്കൂളിന് എതിർവശം പുതുവൽ പുത്തൻവീട് മണികണ്ഠ ഭവനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമണിയെ (69)വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോത്തൻകോട് പുലിവീട് വാർഡ് കണിയാർക്കോണം തെങ്ങുവിളാകത്ത് വീട്ടിൽ തൗഫീക്കിനെ (33)മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടുവളപ്പിൽ തങ്കമണിയുടെ സംസ്കാരം നടന്നു.
അന്വേഷണ സംഘത്തിന് പ്രശംസ
തങ്കമണിയുടെ സംസ്കാരത്തിന് മുമ്പ് പ്രതിയെ പിടികൂടിയ ആറ്റിങ്ങൾ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. സംഭവത്തിൽ പ്രതിയെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കാനായത് പൊലീസിനും അഭിമാനാർഹമായ നേട്ടമാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനിടെ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശാനുസരണം മംഗലപുരം എസ്.എച്ച്.ഒ ഹേമന്ദ് കുമാർ, കഠിനംകുളം എസ്.എച്ച്.ഒ സാജൻ.ബി.എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് അഞ്ചുമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്. കൊയ്ത്തൂർകോണം ജംഗ്ഷനിലെ റേഷൻ കടയിലെ തിങ്കളാഴ്ച രാത്രിയിലെ സി.സി ടിവി ദൃശ്യത്തിൽ നിന്ന് പോക്‌സോ കേസിലുൾപ്പെടെ പ്രതിയായ തൗഫീക്കിനെ മംഗലപുരം എസ്.ഐ രാജീവ് തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. എസ്.ഐ അനിൽകുമാർ, എ.എസ്.ഐ താജുദ്ദീൻ, സി.പി.ഒമാരായ സൾഫീക്കർ, മനു, വനിത സി.പി.ഒമാരായ ഷമീന, ഫെമിന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ പടിച്ചുപറി കേസും
അറസ്റ്റിലായ തൗഫീക്കിനെതിരെ പോത്തൻകോട് പൊലീസും ഇന്നലെ കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് പോത്തൻകോട് സ്വദേശിയുടെ മൊബൈൽ ഫോണും പണവും പിടിച്ചുപറിച്ച സംഭവത്തിലാണിത്. ഈ കേസിൽ പൊലീസ് തൗഫീക്കിനെ അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പ്രതി കൊലപാതകം നടത്തിയത്.