iffk

ലോകസിനിമയുടെ ജാലകം ദാ ഇവിടെ തുറക്കുകയാണ്. പോരാട്ടത്തിന്റെയും അധിനിവേശത്തിന്റെയും ചെറുത്തുനില്പുകളുടെയും കഥ പറയുന്ന സിനിമകളുടെ ഏഴ് രാപ്പലുകൾക്ക് നാളെ മുതൽ തലസ്ഥാനനഗരം വേദിയാകും. മുപ്പതാം വയസിനോട് അടുക്കുന്ന ചലച്ചിത്രമേള ഇത്തവണ കൂടുതൽ ആകർഷണീയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകളാണുള്ളത്. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്ടീവ്, 'ദ ഫിമേൽ ഗയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കൻ സിനിമകളുടെയും പ്രത്യേക പാക്കേജുകൾ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാഡമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റെസ്റ്റോർഡ് ക്ലാസിക്സ്, പി. ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആർ മോഹനൻ എൻഡോവ്‌മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമേനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി 14ന് വൈകിട്ട് ആറിന് നിള തിയേറ്ററിൽ നടക്കും. ഈയിടെ അന്തരിച്ച കുമാർ ഷഹാനി, മോഹൻ, ഹരികുമാർ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തിൽ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവ് അർപ്പിക്കുന്ന പരിപാടിയാണ് ഡിജിറ്റൽ ആർട്ട് എക്സിബിഷൻ. 'സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എന്ന എക്സിബിഷൻ സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിംഗുകൾ പ്രദർശനത്തിൽ ഉണ്ടായിരിക്കും. ഡിസംബർ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് പ്രദർശനം ആരംഭിക്കും. അകിര കുറോസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്‌കോക്ക്, തർക്കോവ്സ്‌കി, അടൂർ, അരവിന്ദൻ, ആഗ്നസ് വാർദ, മാർത്ത മെസറോസ്, മീരാനായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾ അണിനിരക്കുന്ന ഈ പ്രദർശനം ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂർവ ദൃശ്യവിരുന്നായിരിക്കും.

177 ചിത്രങ്ങളിൽ 52ഉം

സ്ത്രീ സംവിധായകരുടേത്


ഈ വർഷത്തെ ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ , സ്പിരിറ്റ് ഒഫ് സിനിമ പുരസ്‌കാരത്തിന് അർഹയായ പായൽ കപാഡിയ, മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അദ്ധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണ്.
കാമദേവൻ നക്ഷത്രം കണ്ടു, ഗേൾഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നീ സിനിമകൾ മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ് ഗേൾഫ്രണ്ട്സ്. ഒരു ട്രാൻസ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് 'കാമദേവൻ നക്ഷത്രം കണ്ടു'. പൗരുഷത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘർഷങ്ങളാണ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിദ്ധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം, ലിംഗവിവേചനം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

കൺട്രി ഫോക്കസ്

വിഭാഗത്തിൽ അർമേനിയ

ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള്ള ആദരസൂചകമായാണ് പ്രദർശനം.'അമേരിക്കറ്റ്സി', 'ഗേറ്റ് ടു ഹെവൻ', 'ലാബ്രിന്ത്', 'ലോസ്റ്റ് ഇൻ അർമേനിയ', 'പരാജ്‌നോവ്', 'ഷുഡ് ദി വിൻഡ് ഡ്രോപ്പ്', 'ദി ലൈറ്റ്ഹൗസ്' എന്നീ സിനിമകളാണ് മേളയിലെത്തുന്നത്.
യുദ്ധത്തിന്റെയും കുടിയിറക്കലിന്റെയും പശ്ചാത്തലത്തിലുള്ള ഈ സിനിമകൾ പ്രതിരോധം, സാംസ്‌കാരിക വൈവിദ്ധ്യം, സ്വത്വം, അതിജീവനം എന്നിവയുടെ നേർക്കാഴ്ചകളാണ്.

1940 കളുടെ ഒടുവിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട വിഖ്യാത ചലച്ചിത്ര സംവിധായകൻ സെർജി പരാജ്‌നോവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച പരാജ്‌നോവ് പ്രദർശനത്തിലെ മുഖ്യ ആകർഷണമാകും.