1

തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കവേ ഭിന്നശേഷിക്കാരിയുടെ ദേഹത്ത് കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി. പൂവാർ തിരുപുറം കൊടിവിളാകം ശ്രീശൈലത്തിൽ നിഷ. വി (39) ആണ് മരിച്ചത്. കെ. റെയിലിലെ ജൂനിയർ അസിസ്റ്റന്റ് കം ക്ളർക്കാണ് നിഷ. ഇന്നലെ രാവിലെ 10.40ന് വഴുതക്കാട് ട്രാൻസ് ടവറന് മുന്നിലാണ് സംഭവം. നിഷയുടെ രണ്ടു കാലിനും സ്വാധീനമില്ല. ക്രെച്ചസ് ഉപയോഗിച്ചാണ് നടക്കുന്നത്.

ഓഫീസിലേക്ക് എത്തുന്നതിനു വേണ്ടി റോഡ് മുറിച്ച് ഡിവൈഡർ മറികടന്ന് നിഷ സ്റ്റോപ്പിൽ നിറുത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തി. എന്നാൽ നിഷയെ കാണാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. വണ്ടിയുടെ പിൻ ചക്രം നിഷയുടെ ദേഹത്തു കൂടി കയറിയിറങ്ങി. ചെറിയ ദൂരം നിഷയെ വലിച്ചിഴച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാഹനം നിറുത്തി. നിഷയെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3.58ന് മരിച്ചു. നിഷയുടെ ആന്തരിക അവയവങ്ങൾക്ക് വലിയ ക്ഷതമേറ്റു. പാപ്പനംകോട് ഡിപ്പോയിലെ ബസാണ് നിഷയെ ഇടിച്ചത്.

നിഷ വാഹനത്തിന് മുന്നിലൂടെ നടന്നുനീങ്ങിയത് കാണാത്തതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. നഗരത്തിലെ സ്വകാര്യ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരൻ അനൂപ് രവിയാണ് ഭ‌ർത്താവ്. മൂന്ന് വർഷമായി കെ.റെയിൽ ഓഫീസിൽ നിഷ ജോലിയിൽ പ്രവേശിച്ചിട്ട്. വത്സലയാണ് നിഷയുടെ മാതാവ്.