തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിംഗ് പൂർത്തിയാക്കിയ റോഡ് പൈപ്പ് അറ്റകുറ്റപ്പണികൾക്കായി വാട്ടർ അതോറിട്ടി അധികൃതർ വീണ്ടും വെട്ടിപ്പൊളിച്ചു.പാളയം എ.കെ.ജി സെന്ററിനും സ്പെൻസർ ജംഗ്ഷനും ഇടയിലുള്ള ട്യൂട്ടേഴ്സ് ലെയിനിലേക്ക് തിരിയുന്ന ഭാഗത്താണ് തിങ്കളാഴ്ച ഉച്ചയോടെ പൊളിച്ചത്.
വിവരമറിഞ്ഞെത്തിയ സ്മാർട്ട് സിറ്റി അധികൃതർ പണി തടഞ്ഞു.തുടർന്ന് ഇരുവിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ തർക്കമായതോടെ പൊലീസ് ഇടപെട്ടു.തുടർന്ന് പണി താത്കാലികമായി നിറുത്തിവച്ച് കുഴി മണ്ണിട്ടുമൂടി.
സംഭവത്തിൽ നിർമ്മാണച്ചുമതലയുണ്ടായിരുന്ന കെ.ആർ.എഫ്.ബിയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.എന്നാൽ, ഇതുവരെ കേസെടുത്തിട്ടില്ല.
ട്യൂട്ടേഴ്സ് ലെയിനിലേക്കുള്ള കുടിവെള്ള തടസത്തെ തുടർന്ന് പണി നടത്തുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതിന് മുൻപേ സ്മാർട്ട് സിറ്റി കരാറുകാർ റോഡ് ടാർ ചെയ്തെന്നുമാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്.സ്മാർട്ട് സിറ്റിയുടെ നവീകരണത്തിൽ ഉൾപ്പെടാത്ത ഇടറോഡിലാണ് കുഴിയെടുത്തത്. എന്നിട്ടും സ്മാർട്ട് സിറ്റി അധികൃതർ പണി തടയുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് റോഡ് പൊളിച്ചതെന്നും പൈപ്പ് പണിയുടെ കാര്യത്തിൽ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും സ്മാർട്ട് സിറ്റി അധികൃതർ വ്യക്തമാക്കി. റോഡ് പണി നടക്കുമ്പോൾ പൈപ്പ് പണി നടത്തുന്നതിന് ആവശ്യത്തിന് സമയമുണ്ടായിരുന്നു. അന്നൊന്നും ചെയ്യാത്ത പണിക്കു വേണ്ടിയാണ് റോഡ് ടാറിംഗിന് ശേഷം വെട്ടിപ്പൊളിച്ചതെന്നും അധികൃതർ പറഞ്ഞു.