
പൂവാർ/തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സ്വാധീനമില്ലാത്ത കാലുകളുമായി വീട്ടിൽ നിന്നിറങ്ങിയ നിഷ ഇനി മടങ്ങിയെത്തില്ല.
വഴുതയ്ക്കാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് ജീവൻ നഷ്ടപ്പെട്ടത് ഒരു നിർദ്ധന കുടുംബത്തിന്റെ അത്താണിക്കായിരുന്നു. പൂവാർ കൊടിവിളാകം ശ്രീ ശൈലത്തിൽ അനൂപ് പി.രവിയുടെ ഭാര്യ നിഷ(39) ജോലി കഴിഞ്ഞ് സ്ഥാപനത്തിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ 3 വർഷമായി നിഷ കെ റെയിലിൽ താത്കാലിക ജീവനക്കാരിയാണ്. അതിനുമുൻപ് നാലുവർഷത്തോളം എംപ്ലോയ്മെന്റ് മുഖേന സെക്രട്ടേറിയറ്റിലും ജോലി ചെയ്തിരുന്നു.
ചെറുപ്പത്തിൽ പോളിയോ ബാധിച്ചതിനെ തുടർന്നാണ് ഇടതുകാലിന് സ്വാധീനം നഷ്ടപ്പെട്ടത്. പരേതനായ നീലകണ്ഠൻ-വത്സല ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സുമേഷ്,ദീപ. ജയലക്ഷ്മി സിൽക്സിൽ ജീവനക്കാരനാണ് നിഷയുടെ ഭർത്താവ് അനൂപ് പി.രവി.രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഡിവൈഡർ വില്ലനായോ
സാധാരണ ഡിവൈഡർ കടന്നാണ് നിഷ ഓഫീസിലെത്തുന്നത്.സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അല്പമുയർത്തിയാണ് പുതിയ ഡിവൈഡർ നിർമ്മിച്ചിരിക്കുന്നത്.പുതിയ റോഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ അവിടെ കൃത്യമായ സംവിധാനം ഒരുക്കിയിരുന്നില്ല. ട്രാഫിക്ക് പൊലീസുമില്ലായിരുന്നു. ഓഫീസ് സമയം കഴിഞ്ഞ് മടങ്ങും വഴി സഹപ്രവർത്തകരാണ് നിഷയെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നത്. ഇന്നലെ നിഷ ക്രോസ് ചെയ്തതും ഡ്രൈവറിന്റെ ശ്രദ്ധക്കുറവ് അപകടത്തിന് കാരണമാവുകയായിരുന്നു.
50 കിലോമീറ്റർ സഞ്ചാരം
ഭിന്നശേഷിക്കാരിയായ നിഷ ദിവസവും 50 കിലോമീറ്ററോളം സഞ്ചരിച്ചാണ് ജോലിക്കെത്തിയിരുന്നത്.ക്രെച്ചസ് ഉപയോഗിച്ചാണ് ബസ് കയറിയിറങ്ങി ഓഫീസിലെത്തുന്നത്. കുടുംബത്തിന്റെ പ്രാരാബ്ദമാണ് ശാരീരിക അവശതകൾ മറന്നും ജോലിക്കെത്താൻ പ്രേരിപ്പിച്ചത്.