
തിരുവനന്തപുരം: സമൂഹനന്മയ്‌ക്കായി നിർമ്മിതബുദ്ധിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതടക്കം നൂതന ആശയങ്ങൾക്കും സംവാദങ്ങൾക്കും വേദിയായ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദ ഫ്യൂച്ചർ ഒഫ് എഡ്യുക്കേഷൻ അന്തർദേശീയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. പുതിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും വിശദമായി പരിശോധിക്കപ്പെടുന്ന കോൺക്ലേവുകൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ.അരുൺകുമാർ, കോളേജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.സുധീർ, ഹയർ എഡ്യുക്കേഷൻ കൗൺസിൽ അംഗം ഡോ. രാജൻ വർഗീസ്, കോൺക്ലേവ് കൺവീനർ ഡോ. വി.ജി.രാജേഷ് എന്നിവർ സംസാരിച്ചു.
'ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ ഹാക്കത്തണിൽ ബംഗളൂരു ക്രൈസ്റ്റ് കോളേജ് ഒന്നാമതായി. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി രണ്ടാം സ്ഥാനവും മോഡൽ എൻജിനിയറിംഗ് കോളേജ് മൂന്നാം സ്ഥാനവും നേടി.