വിതുര:തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി, തോട്ടുമുക്ക്, തുരുത്തി, ചായം വാർഡുകളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. പേവിഷബാധയുള്ള നായ്ക്കൾ ഭീതിപരത്തി അലയുന്നതും പതിവാണ്. കാൽനടയാത്രക്കാരെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്നതും സ്ഥിരമാണ്. രാത്രികാലമായാൽ പാതയോരങ്ങൾ മുഴുവൻ നായ്ക്കളുടെ നിയന്ത്രണത്തിലാണ്. റോഡിലെ മാലിന്യം തിന്ന് നായ്ക്കൾ പെറ്റുപെരുകുകയാണ്. കാൽനടയാത്രികർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ കടി ഉറപ്പാണ്. മാത്രമല്ല ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധശല്യവുമുണ്ട്. ഇതുസംബന്ധിച്ച് നാട്ടുകാർ അനവധി തവണ പരാതികൾ നൽകിയിരുന്നു. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തോട്ടുമുക്ക് ടൗൺ റസിഡന്റ്സ് അസോസിയേഷനും പരാതി നൽകി. അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

സൂക്ഷിച്ചില്ലെങ്കിൽ കടി ഉറപ്പ്

കൂട്ടമായെത്തുന്ന നായ്ക്കൾ വീടുകളിൽ വരെ കയറി ആക്രമണം നടത്തിയതോടെ ജനം ഭീതിയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വീടുകളിലെ മാലിന്യം ഭക്ഷിക്കാൻ തെരുവുനായ്ക്കൾ കൂട്ടമായെത്തുന്നു. ഇതിനു പുറമേ പ്രദേശത്തെ മിക്കഭാഗത്തും വൈദ്യുതി പ്രതിസന്ധിയും നേരിടുന്നുണ്ട്. പോസ്റ്റുകളിൽ മാറ്റിയിടുന്ന ബൾബുകൾ പെട്ടെന്ന് കോടാകുന്നതായും നാട്ടുകാർ പരാതി പറഞ്ഞു.

പ്രതികരണം

തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി, തോട്ടുമുക്ക് മേഖലയിലെ തെരുവുനായശല്യത്തിനും വൈദ്യുതി പ്രതിസന്ധിക്കും പരിഹാരം കാണണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

തോട്ടുമുക്ക് നവാസ്

പ്രസിഡന്റ്, തോട്ടുമുക്ക് മേഖലാ ഡ്രൈവേഴ്സ് യൂണിയൻ