vn-vasavan

സാധാരണക്കാരുടെ ജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്ന സഹകരണ മേഖല, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും കാർഷിക പുരോഗതിക്കും നൽകുന്ന സംഭാവന വലുതാണ്. കാലാകാലങ്ങളായി തുടർന്നുവന്ന ചില ശീലക്കേടുകൾ കാരണം ചില്ലറ പേരുദോഷങ്ങൾ സമീപകാലത്ത് കേൾക്കേണ്ടി വന്നെങ്കിലും സമയോചിതമായ തിരുത്തലുകൾ നടത്തി , വ്യക്തമായ ദിശാബോധത്തോടെ ഈ മേഖലയെ മുന്നോട്ടു നയിക്കുകയാണ് മന്ത്രി വി.എൻ. വാസവൻ. വലിയ പ്രാധാന്യമുള്ള ദേവസ്വം, തുറമുഖം വകുപ്പുകളും തന്റെ കൈയിൽ സുഭദ്രമെന്ന് തെളിയിച്ച അദ്ദേഹം 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? അടുത്ത കാലത്തുണ്ടായ ചില ആക്ഷേപങ്ങൾ സഹകരണ മേഖലയെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടാക്കിയല്ലോ. ഇതിനെ എങ്ങനെ മറികടക്കും.

 പുതിയ സഹകരണ നിയമ ഭേദഗതി കൊണ്ടുവന്നതോടെ കാലോചിതമായി സഹകരണ മേഖലയെ സംരക്ഷിച്ചെടുക്കാവുന്ന സാഹചര്യമായി. ഓഡിറ്റ് സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റമാണ് പ്രധാനം. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഓഡിറ്റ് സമ്പ്രദായം അടിമുടി മാറ്റി . കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയോഗിച്ച് ഓഡിറ്റ് വിംഗ് പുനഃസംഘടിപ്പിച്ചു. പുതിയ സംവിധാനത്തിൽ കൺകറന്റ് ഓഡിറ്ററല്ല, ടീം ഓഡിറ്റാണ്. ക്രമക്കേടുകൾ കണ്ടെത്തിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യും. കരുവന്നൂരിലെ കുഴപ്പങ്ങൾ 2011-ൽ ഉണ്ടായതാണ്. കണ്ടെത്തിയത് 2021-ലും. ഓഡിറ്റിൽ പല കുഴപ്പങ്ങളും കണ്ടെത്തിയിട്ടും ചില ഉദ്യോഗസ്ഥർ കണ്ണടച്ചുവിട്ടു. അതുകൊണ്ടാണ് ജെ.ആർ ഉൾപ്പെടെ 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അങ്ങനെയാണ് ശുദ്ധീകരണം തുടങ്ങിയത്.

? നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ എന്തൊക്കെ നടപടിയുണ്ടായി.

 പ്രതിസന്ധിയുള്ള സംഘങ്ങളെ സംരക്ഷിക്കാൻ പുനരുദ്ധാരണ നിധി ഉണ്ടാക്കി. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 132 കോടി മടക്കിക്കൊടുത്തു. സംസ്ഥാന സർക്കാർ ഇടപെടൽ മൂലം കൺസോർഷ്യം രൂപീകരിച്ചാണ് ഇത് സാദ്ധ്യമാക്കിയത്. തട്ടിപ്പ് കണ്ടെത്തിയാൽ ക്രിമിനൽ കേസും സ്വാഭാവിക പ്രതിസന്ധിക്ക് സഹായവും എന്നതാണ് ഇപ്പോഴത്തെ സമീപനം. 2.6 ലക്ഷം കോടി നിക്ഷേപമുണ്ട്. 1,60,000 കോടി ബിസിനസ് കേരള ബാങ്ക് മാത്രം നടത്തുന്നു.

? മേഖലയെ ഊർജ്ജിതമാക്കാൻ സ്വീകരിച്ച മറ്റു നടപടികൾ.

 മെമ്പർ റിലീഫ് ഫണ്ടാണ് പ്രധാനം. സഹകരണ സംഘത്തിൽ അംഗമായവർക്ക് ഗുരുതരരോഗം പിടിപെട്ടാൽ 50,000 രൂപ ചികിത്സാ സഹായം കൊടുക്കും, വായ്പയെടുത്തതിനു ശേഷം ഗുരുതര രോഗം പിടിപെട്ടാൽ ഈ തുക ഒന്നേകാൽ ലക്ഷമാണ്. മരണമടഞ്ഞാൽ മൂന്ന് ലക്ഷവും. മറ്റൊരു ബാങ്കിലും ഈ സഹായമില്ല. വായ്പക്കാർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പിഴപ്പലിശ ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കാർഷിക മേഖലയെ സഹായിക്കുന്നു. പച്ചക്കറികളും പഴവർഗങ്ങളും നാണ്യവിളകളും ഉൾപ്പെടെ 400-ലേറെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു. ജോർദാൻ സഹകരണ ഉച്ചകോടിയിലേക്ക് ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഏക സംസ്ഥാനം കേരളമാണ്. അവിടെ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കാനും സാധിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും സജീവ ഇടപെടലുണ്ട്. നാല് നഴ്സിംഗ് കോളേജുകൾ കൂടി തുടങ്ങും. കേരള ബാങ്കിൽ 1000 ഒഴിവുകളിലേക്ക് നിയമനം നടത്തും. ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 209 കോടിയാണ്. മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ വച്ചു.

? ശബരിമല തീർത്ഥാടനം പരാതികൾക്കിടയില്ലാതെ ഭംഗിയായി നടക്കുന്നല്ലോ.

 ജൂലായിൽത്തന്നെ മുന്നൊരുക്കം തുടങ്ങിയത് ഗുണം ചെയ്തു. നിലയ്ക്കലും പമ്പയിലും പാർക്കിംഗ് അടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. കാനനമേഖലയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് 132 കേന്ദ്രങ്ങളിൽ പൊലീസ്, വനം , അഗ്നിശമന വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മിനിട്ടിൽ പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം 65-ൽ നിന്ന് 85 ആക്കി. പൊലീസുകാർ വടത്തിൽ തൂങ്ങി നിൽക്കാതെ ഇരുന്നുകൊണ്ട് അയ്യപ്പന്മാരെ കയറ്റിവിടുന്ന രീതിയാക്കി. 1.10 കോടി ചെവിട്ട് ഗസ്റ്ര് ഹൗസ് നവീകരിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ പമ്പ വരെ നീട്ടി. ആന്റി സ്നേക്ക് വെനം ഉൾപ്പെടെ വൈദ്യസഹായം വിപുലമാക്കി. വരുമാനത്തിൽ 15-20 കോടിയുടെ വർദ്ധന ഉണ്ടായിട്ടുണ്ട്.

? റോപ്പ് വെ നിർമാണം.

 അത് പതിനേഴു വർഷം മുമ്പ് ആലോചിച്ചതാണ്. റവന്യു, വനം വകുപ്പുകൾ തമ്മിലെ ഭൂമിതർക്കം കാരണം ഫയൽ പൂഴ്ത്തി. മുങ്ങിത്തപ്പിയാണ് അത് പൊക്കിയെടുത്തത്. വകുപ്പുകളുമായി പലവട്ടം ചർച്ച നടത്തി, കൊല്ലം ജില്ലയിൽ പകരം സ്ഥലം റവന്യു വകുപ്പ് വനം വകുപ്പിന് കൈമാറി. കേന്ദ്രത്തിന്റെ ഒറ്റ ഒപ്പു കിട്ടിയാൽ ഉടൻ നിർമ്മാണം തുടങ്ങും. അതോടെ ട്രാക്ടറുകളുടെ കയറ്റിറക്കം ഒഴിവാകും, ഡോളിയിൽ തീർത്ഥാടകരെ ചുമക്കുന്ന രീതിയും മാറും.

? ദേവസ്വം ഭൂമി പലയിടത്തും ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ടല്ലോ.

 വരുമാനമില്ലാത്ത ആസ്തികൾ വരുമാനമുള്ളതാക്കാൻ നടപടി വരും. തീർത്ഥാടന കാലം കഴിഞ്ഞാൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തീരെ വരുമാനമില്ലാത്ത ക്ഷേത്രങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ടതുണ്ട്. ഭഗവാന്റെ കാശ് സർക്കാർ എടുക്കുന്നുവെന്നാണ് ആക്ഷേപം. സത്യത്തിൽ ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ല. കൊവിഡ് കാലത്ത് വരുമാനം നിലച്ചപ്പോൾ ശമ്പളം കൊടുത്തത് സർക്കാരാണ്. പിണറായി സർക്കാർ 587 കോടിയാണ് അഞ്ച് ദേവസ്വങ്ങളിലെ ക്ഷേത്രങ്ങൾക്കു കൊടുത്തത്. ഗുരുവായൂരിന് വലിയ സഹായം വേണ്ടിവന്നില്ല.

?​ വിഴിഞ്ഞം തുറമുഖം എന്നത്തേക്ക് കമ്മിഷൻ ചെയ്യും.

 പ്രധാനമന്ത്രിയുടെ തീയതി കിട്ടുന്ന മുറയ്ക്ക് കമ്മിഷൻ ചെയ്യും. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കാൻ കരാറൊപ്പിട്ടു. 2034 മുതൽ സംസ്ഥാനത്തിന് റിട്ടേൺ കിട്ടിത്തുടങ്ങും. വി.ജി.എഫ് ഇനത്തിൽ 817 കോടിയാണ് കേന്ദ്രം അനുവദിക്കേണ്ടത്. ഇത് വായ്പയായിട്ടേ തരൂ എന്നാണ് നിലപാട്. അങ്ങനെ വന്നാൽ 10,​000 മുതൽ 12,​000 കോടി വരെ തിരിച്ചടയ്ക്കേണ്ടി വരും. യഥാർത്ഥത്തിൽ ഗ്രാന്റായി തരേണ്ടതാണ്. തൂത്തുക്കുടിക്ക് വായ്പയല്ല, ഗ്രാന്റാണ് നൽകിയത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

വിഴിഞ്ഞത്തിനു പുറമെ ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ കൂടി വികസിപ്പിക്കും. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് യാത്രാ കപ്പൽ എന്നൊരു ആശയമുണ്ട്. ടൂറിസം കൂടി ഉൾപ്പെടുത്തി മാസത്തിൽ മൂന്നു ദിവസം ദൈർഘ്യമുള്ള നാല് ട്രിപ്പുകൾ.

അന്യാധീനപ്പെട്ട തുറമുഖ ഭൂമികൾ തിരിച്ചുപിടിക്കാൻ മാരിടൈം ബോർഡുമായി ആലോചിച്ച് നടപടി സ്വീകരിക്കുന്നുണ്ട്. ആലപ്പുഴ തുറമുഖം 'സാഗർമാല' പദ്ധതിക്ക് വിട്ടിട്ടുണ്ട്.