k

തിരുവനന്തപുരം: പത്രപ്രവർത്തകനും കെ.പി.സി.സി മുൻ ട്രഷററുമായിരുന്ന അഡ്വ. വി.പ്രതാപചന്ദ്രന്റെ സ്മരണയ്ക്കായി വി.പ്രതാപചന്ദ്രൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമ അവാർഡിന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അർഹനായി. മാദ്ധ്യമരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം . 10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 19ന് രാവിലെ 10ന് പുളിമൂട് കേസരി ഹാളിൽ നടക്കുന്ന വി.പ്രതാപചന്ദ്രൻ അനുസ്മരണയോഗത്തിൽ നൽകും.

യോഗം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ചെയർമാൻ സി.ജയചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പന്ന്യൻ രവീന്ദ്രൻ, വി.എസ്.ശിവകുമാർ, പാലോട് രവി, അഡ്വ. എം.ലിജു, വി.വി.രാജേഷ്, ഇ.എം.നജീബ്, ടി.ശരത് ചന്ദ്രപ്രസാദ്, ജി.എസ്.ബാബു, കരകുളം കൃഷ്ണപിള്ള, ബി.എസ്.ബാലചന്ദ്രൻ, തുടങ്ങിയവർ പങ്കെടുക്കും.