തിരുവനന്തപുരം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അദ്ധ്യാപികയെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴക്കൂട്ടത്തെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയും ചിറയിൻകീഴ് സ്വദേശിയുമായ സുമയ്ക്ക് (30) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ശ്രീകാര്യം സ്വദേശി കുമാറിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഞായറാഴ്ച വൈകിട്ട് ആറോടെ ബൈപ്പാസ് റോഡിൽ ലോഡ്സ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ചിറയിൻകീഴു നിന്ന് ഭർത്താവിന്റെ വെട്ടുകാടുള്ള വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ കുമാർ അപമര്യാദയായി പെരുമാറി. ഇത് ശ്രദ്ധിക്കാതെ സുമ സ്കൂട്ടർ വേഗത്തിൽ മുന്നോട്ടെടുത്ത് പോകുന്നതിനിടെ പിന്തുടർന്നെത്തിയ കുമാർ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും സുമയുടെ തോളിൽ പിടിച്ച് തള്ളുകയുമായിരുന്നു. ബൈപ്പാസ് റോഡിൽ നിന്ന് ഏറെ താഴ്ചയുള്ള സർവീസ് റോഡിലേക്ക് സ്കൂട്ടറുമായി വീണ സുമ ബോധരഹിതയായി. ഈ സമയം സംഭവം കണ്ട മറ്റ് യാത്രക്കാർക്കൊപ്പം കുമാറും സുമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആളുകൾ തടഞ്ഞു. മദ്യലഹരിയിലായിരുന്ന കുമാറിനെ യാത്രക്കാർ ചേർന്നാണ് പൊലീസിന് കൈമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.