k

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നമായ ഗഗൻയാൻ ദൗത്യത്തിനുള്ള ലോഞ്ച് വെഹിക്കിളിന്റെ (ഹ്യൂമൻ റേറ്റഡ് എൽ.വി.എം-3) ത്രിഡി മിനിയേച്ചർ രൂപം നിർമ്മിച്ച് ഐ.എസ്.ആർ.ഒയ്ക്ക് കൈമാറി നാലംഗ സംഘത്തിന്റെ സ്റ്രാർട്ടപ്പ്. ചന്ദ്രയാൻ-3 ഉൾപ്പെടെയുള്ള മിഷനുകൾക്ക് ഉപയോഗിച്ച എൽ.വി.എം-3യുടെ മിനിയേച്ചറും തയ്യാറാക്കി നൽകിയിരുന്നു.

ബഹിരാകാശ ദൗത്യങ്ങളിൽ റോക്കറ്റുകളുടെ ആദ്യരൂപവും (പ്രോട്ടോടൈപ്പ്) മിനിയേച്ചറുകളും 'പ്രിന്റ്' ചെയ്തെടുക്കുന്നതിലൂടെ ശ്രദ്ധ നേടുകയാണ് വലിയമല ഐ.ഐ.എസ്.ടിയിൽ പ്രവർത്തിക്കുന്ന സ്പെയ്സ് ടൈം ഫോർ-ഡി പ്രിന്റിംഗ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ്. കണ്ണൂർ സ്വദേശികളായ അഖിൽ മാധവൻ (സി.ഇ.ഒ),പ്രത്യുഷ്,അമൽ അശോകൻ,ജിതിൻ എന്നിവരാണ് സ്റ്റാർട്ടപ്പിനെ നയിക്കുന്നത്.

സി.എസ്.ഐ.ആർ, സി.ഇ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കായും മിനിയേച്ചറുകൾ നിർമ്മിച്ച് നൽകുന്നുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ശസ്ത്രക്രിയ ചെയ്ത് പഠിക്കാനായി തലച്ചോറിന്റെ പോളിമർ മിനിയേച്ചർ രൂപം ന്യൂഡൽഹി എയിംസിനായി വികസിപ്പിച്ച് നൽകി. പ്രതിരോധമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഓട്ടോമൊബൈൽ കമ്പനികൾക്കും മിനിയേച്ചർ നിർമ്മിച്ച് നൽകുന്നുണ്ട്.

ഡിസൈൻ നൽകുന്നത്

ഐ.എസ്.ആർ.ഒ

റോക്കറ്റുകളുടെ വിവിധ ഭാഗങ്ങളുടെയും എൻജിന്റെയും സാറ്റലൈറ്റിന്റെയും പ്രോട്ടോടൈപ്പും നിർമ്മിക്കും. ഐ.എസ്.ആർ.ഒ നൽകുന്ന ഡിസൈൻ അനുസരിച്ചാണ് നിർമ്മാണം. ലോഞ്ച് വെഹിക്കിളിന്റെ അവസാനരൂപത്തെക്കുറിച്ച് ധാരണ കിട്ടാനാണ് മിനിയേച്ചറുകൾ ഉപയോഗിക്കുന്നത്. വലിയമലയിലെ ഇൻക്യുബേഷൻ സെന്ററിലാണ് നിർമ്മാണം. ഐ.എസ്.ആർ.ഒ ഗവേഷണ സഹായം നൽകുന്നുണ്ട്. 2020ൽ കണ്ണൂരിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഒരുവർഷം മുൻപാണ് വലിയമലയിലെത്തിയത്.

മോൾഡിനെക്കാൾ കൃത്യത

പോളിമർ, കോംപോസിറ്റ്, മെറ്റൽ, സെറാമിക് തുടങ്ങി ഏത് മെറ്റീരിയലും പ്രിന്റ് ചെയ്തെടുക്കാവുന്ന മെഷീനാണ് ഉപയോഗിക്കുന്നത്. മോൾഡ് ചെയ്തെടുക്കുന്നതിനെക്കാൾ കൃത്യത ലഭിക്കും. ഒരു പ്രിന്ററിന് 50,000 രൂപ മുതൽ 20 ലക്ഷം വരെയാണ് വില. സാമഗ്രികൾ ടെസ്റ്റ് ചെയ്യാനായി മാത്രം ഒരു പ്രിന്റർ നിർമ്മിക്കുന്നത് ഗവേഷണഘട്ടത്തിലാണ്.