vcf

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാർ ഒരുവിധ അമാന്തവും വരുത്തിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള ഭൂമി കിട്ടാനില്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം മുഖ്യമന്ത്രി ഉടൻ വിളിക്കും. വയനാട്ടിൽ ജന്മഭൂമി കിട്ടാനില്ല,എല്ലാം പ്ളാന്റേഷൻ ഭൂമിയാണ്. ടൗൺഷിപ്പ് നിർമ്മാണത്തിന് രണ്ട് എസ്റ്റേറ്റുകൾ കണ്ടെത്തി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയതാണ്. എന്നാൽ ഇതിൽ ഒരു ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇത് കോടതിവിധി വരുന്ന മുറയ്ക്ക് ഏറ്റെടുക്കും. ബന്ധപ്പെട്ട ആൾക്കാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

അതേസമയം,ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈവശമുണ്ട്. കണക്കില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. കൈയിലുള്ള പണം എത്രയെന്നും ചെലവഴിക്കേണ്ട തുക എത്രയെന്നത് സംബന്ധിച്ചും സർക്കാരിന് ബോദ്ധ്യമുണ്ട്. കുടിശികയായി വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും അടക്കം വ്യക്തതയുണ്ട്. ഇത് കോടതിയെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 187കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് അനുവദിച്ചത് കോടതിയെ അറിയിച്ചു. മാനദണ്ഡങ്ങൾ പുതുക്കുന്നതിലൂടെ വയനാടിന് അധികസഹായം ലഭിക്കാതിരിക്കരുതെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞത് സംസ്ഥാനത്തിന് അനുകൂലമാണ്. കേരളത്തിന്റെ എസ്.ഡി.ആർ.എഫ് കൂടി പരിഗണിച്ചാണ് അധികസഹായം അനുവദിക്കേണ്ടതെന്നാണ് കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.